കിങ് ഹമദ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നാമധേയത്തിൽ യുനെസ്കോ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുന്നു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നാമധേയത്തിൽ യുനെസ്കോ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഹമദ് രാജാവിന്‍റെ രക്ഷാധികാരത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പാരിസിലെ യുനെസ്കോ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി അവാർഡുകൾ വിതരണം ചെയ്തു.
കോവിഡ് മൂലം കഴിഞ്ഞ പ്രാവശ്യം വിതരണം നടത്താൻ കഴിയാതിരുന്നതിനാൽ രണ്ട് വർഷത്തെ അവാർഡുകൾ ഒരുമിച്ചാണ് നൽകിയത്.
യുനെസ്കോ വിദ്യാഭ്യാസ വിഭാഗം അസി. ഡയറക്ടർ സ്റ്റീഫനി ജിയാനിനി, ജനറൽ അസംബ്ലി ചീഫ് സാന്‍റിയാഗോ ഇറാസാബാൽ, യുനെസ്കോയിലെ മുതിർന്ന വ്യക്തിത്വങ്ങൾ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണർ, ഫ്രാൻസിലെ ബഹ്റൈൻ വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസത്തിന്‍റെ നവീകരണത്തിൽ ഐ.ടിയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിന് പ്രോത്സാഹനം നൽകാൻ ഹമദ് രാജാവിന്‍റെ പ്രത്യേക താൽപര്യ പ്രകാരം ഏർപ്പെടുത്തിയ അവാർഡ് ഇന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പുരസ്കാരമായതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.