ശറമുൽശൈഖ് ഉച്ചകോടിയിൽ പങ്കെടുത്ത് ഹമദ് രാജാവ്
text_fieldsട്രംപിനൊപ്പം ഹമദ് രാജാവ്
മനാമ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്തിലെ ശറമുൽശൈഖിൽ സംഘടിപ്പിച്ച ആഗോള ഉച്ചകോടിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. യു.എസ് പ്രസിഡന്റ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും സംയുക്തമായി അധ്യക്ഷത വഹിച്ച ഉച്ചകോടിയിൽ 20ലധികം മധ്യപൂർവദേശ, യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ സന്നിഹിതരായിരുന്നു.
ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കൾ
ഉച്ചകോടി ഹാളിൽ എത്തിയ ഹമദ് രാജാവിനെ പ്രസിഡന്റ് അൽ സിസി സ്വീകരിച്ചു. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന്, ട്രംപ്, അൽ സിസി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ എന്നിവർ ഒപ്പുവെച്ച ഗസ്സ കരാറുമായി ബന്ധപ്പെട്ട സമഗ്ര രേഖക്ക് രാജാവും മറ്റ് നേതാക്കളും സാക്ഷ്യം വഹിച്ചു.
‘ഗസ്സയിൽ ഇനി പുനർനിർമാണം ആരംഭിക്കുകയാണ്’ എന്ന് പ്രഖ്യാപിച്ച ട്രംപ്, താൻ മധ്യസ്ഥത വഹിച്ച ഏറ്റവും മഹത്തായ കരാറാണ് ഗസ്സ കരാറെന്ന് വിശേഷിപ്പിച്ചു. ഗസ്സയുടെ ഭരണനിർവഹണം, സുരക്ഷ, പുനർനിർമാണം എന്നിവ ചർച്ച ചെയ്തതായി ഈജിപ്ഷ്യൻ പ്രസിഡന്റ് കാര്യാലയം അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അൽ സിസി, ഗാസയുടെ പുനർനിർമാണത്തിനായി ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്നും അറിയിച്ചു.
അതിനിടെ, വെടിനിർത്തൽ കരാറിന്റെ ഭാഗമായി ജീവനോടെയിരുന്ന അവസാനത്തെ 20 ഇസ്രായേലി ബന്ദികളെയും ഹമാസ് തിങ്കളാഴ്ച വിട്ടയച്ചു. പകരം, കരാർ പ്രകാരം ഇസ്രായേൽ തടവിലാക്കിയ 2,000ത്തോളം ഫലസ്തീൻ തടവുകാരെയും ബസുകളിലായി ഗസ്സയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. ഇതിന്റെ സന്തോഷത്തിൽ ആയിരക്കണക്കിന് ബന്ധുക്കളാണ് അവിടെ തടിച്ചുകൂടിയത്.
കഴിഞ്ഞ ആഴ്ച അംഗീകരിച്ച വെടിനിർത്തൽ, ഇസ്രായേലിന്റെ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നിനാണ് വിരാമമിട്ടത്. എങ്കിലും, ശാശ്വതമായ വെടിനിർത്തലിനും അതിലുപരി കൂടുതൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരുന്നതിനും ഇനിയും വലിയ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്.
ലക്ഷക്കണക്കിന് ആളുകൾ പട്ടിണി നേരിടുന്ന ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്രയുംവേഗം എത്തിക്കേണ്ടതുണ്ട്. ഇതുകൂടാതെ, ഗസ്സയെ എങ്ങനെ ഭരിക്കണം, പൊലീസ് സംവിധാനം എങ്ങനെയായിരിക്കണം, ഹമാസിന്റെ ഭാവി എന്തായിരിക്കും തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇനിയും തീരുമാനമാവേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

