കിങ് ഫഹദ് കോസ്വേ; വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ ബോർഡുകൾ സ്ഥാപിക്കും
text_fieldsമനാമ: സൗദി അറേബ്യയിൽനിന്ന് കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന സന്ദർശകരെ ഇനി രാജ്യത്തെ പ്രധാന ആകർഷണകേന്ദ്രങ്ങളെയും ചരിത്രസ്ഥലങ്ങളെയും പരിചയപ്പെടുത്തുന്ന ബോർഡുകൾ സ്വാഗതം ചെയ്യും. സതേൺ മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ച പുതിയ നിർദേശമാണിത്.
കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് മുന്നോട്ടുവെച്ച ഈ നിർദേശത്തിന് പിന്നിൽ, ബഹ്റൈനിലെ അത്ര അറിയപ്പെടാത്ത സാംസ്കാരിക, ചരിത്രപരമായ സ്ഥലങ്ങളെ ഗൾഫ് സന്ദർശകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമുണ്ട്. സന്ദർശകരെ കൂടുതൽ സമയം രാജ്യത്ത് തങ്ങാനും പ്രാദേശികസമൂഹവുമായി ഇടപഴകാനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ചരിത്രപരമായ പശ്ചാത്തലവും ദിശകളും ഉൾപ്പെടെ അറബിയിലും ഇംഗ്ലീഷിലുമായിരിക്കും ഈ സൈൻ ബോർഡുകൾ സ്ഥാപിക്കുക. സമീപകാലത്ത് പ്രഖ്യാപിച്ച ജി.സി.സി പ്രവാസി താമസക്കാർക്കായുള്ള ഏകീകൃത വിസ കൂടുതൽ പ്രാദേശിക ടൂറിസത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം കൂടുതൽ അനിവാര്യമാകുന്നതെന്ന് മുനിസിപ്പൽ അധികൃതർ അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ നീളമുള്ള കിംഗ് ഫഹദ് കോസ്വേ ഈ മേഖലയിലെ ഏറ്റവും തിരക്കേറിയ കര അതിർത്തികളിൽ ഒന്നാണ്. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗവും കോസ്വേ കൗൺസിലറുമായ മുഹമ്മദ് അൽ ദോസരി ഈ സംരംഭത്തെ പ്രശംസിച്ചു. വ്യക്തമായ ദിശാബോർഡുകൾ സന്ദർശകരെ ഗൂഗിൾ മാപ്പിനുമപ്പുറം ബഹ്റൈൻ പര്യവേക്ഷണം ചെയ്യാൻ സഹായിക്കും.
എങ്കിലും, കോസ്വേയിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്ന 'വെൽക്കം ടു ബഹ്റൈൻ' എന്ന ബോർഡ് സ്ഥാപിക്കണം. ഇത് ഞങ്ങളുടെ ആതിഥ്യമര്യാദയും ദേശീയ അഭിമാനവും പ്രതിഫലിക്കുന്ന ഒരു പ്രതീകാത്മക ആംഗ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതേൺ, നോർത്തേൺ മുനിസിപ്പൽ കൗൺസിലുകളും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഏകോപിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. റിഫ, സഖീർ, അവാളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള റൂട്ടുകളിലായിരിക്കും ബോർഡുകൾ സ്ഥാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

