ഖാലിദ് ബിൻ ഹമദ് കപ്പ്; പ്രഥമ ചാമ്പ്യൻ പട്ടം അൽ ഖൽദിയ എസ്.സിക്ക്
text_fieldsപ്രഥമ ഖാലിദ് ബിൻ ഹമദ് കപ്പ് ചാമ്പ്യൻ പട്ടം ചൂടി അൽ ഖൽദിയ എസ്.സി വിജയാഹ്ലാദത്തിൽ
മനാമ: ഖാലിദ് ബിൻ ഹമദ് കപ്പിലെ പ്രഥമ ചാമ്പ്യൻ പട്ടം ചൂടി അൽ ഖൽദിയ എസ്.സി. ബഹ്റൈനിലെ മികച്ച നാലു ടീമുകൾ തമ്മിൽ മാറ്റുരച്ച അഭിമാന പോരാട്ടത്തിന്റെ ഫൈനലിൽ അൽ റിഫ എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അൽ ഖൽദിയ എസ്.സി ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്.
ഖൽദിയ എസ്.സിയുടെ ജോർഡൻ മുന്നേറ്റ താരം അലി അൽ അസൈസ 26ാം മിനിറ്റിൽ നേടിയ മനോഹര ഗോളോടെ ലീഡുയർത്തിയ ടീം കളി അവസാനിക്കുന്നതു വരെ പ്രതിരോധിച്ചുനിന്നു.
നിരന്തരം ഖൽദിയയുടെ ഗോൾപോസ്റ്റിലേക്ക് ആക്രമണങ്ങൾ അഴിച്ചുവിട്ട റിഫ എസ്.സിയുടെ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു അൽ ഖൽദിയ എസ്.സിയുടെ പ്രതിരോധ കോട്ട. വിജയിക്ക് 20,000 ദിനാറും ചാമ്പ്യൻ പട്ടവുമാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സിന് 10,000 ദിനാറും ലഭിക്കും.
ആകെ 50,000 ദിനാറിന്റെ സമ്മാനങ്ങളാണ് ടീമുകൾക്കായി ഒരുക്കിയിരുന്നത്.
നാസർ ബിൻ ഹമദ് ബഹ്റൈൻ പ്രീമിയർ ലീഗ് 2023-24 സീസണിലെ മികച്ച നാലു ടീമുകളാണ് ഖാലിദ് ബിൻ ഹമദ് കപ്പിൽ മാറ്റുരച്ചത്.
വിജയികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ഖാലിദ് ബിൻ ഹമദ് കപ്പ് സമ്മാനിച്ചു.
കിരീടം സ്വന്തമാക്കിയ അൽ ഖൽദിയ എസ്.സിയെ ശൈഖ് ഖാലിദ് അഭിനന്ദിച്ചു. പ്രഥമ ചാമ്പ്യൻഷിപ്പായിരുന്ന ഇപ്രാവശ്യത്തെ ടൂർണമെന്റ് പൂർണമായും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് നടത്തിയത്.
ടൂർണമെന്റിന്റെ വിജയത്തിന്റെ മുഴുവൻ ഖ്യാതിയും അദ്ദേഹത്തിന് കൂടി അർഹതപ്പെട്ടതാണ്.
റണ്ണേഴ്സായ റിഫ എസ്.സിയെയും അദ്ദേഹം പ്രശംസിക്കുകയും വരും വർഷങ്ങളിൽ ചാമ്പ്യന്മാരാകട്ടെയെന്ന് ആശംസിക്കുകയുംചെയ്തു. ടൂർണമെന്റ് വിജയിപ്പിക്കുന്നതിൽ ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ വഹിച്ച പങ്കിനെ അദ്ദേഹം എടുത്തു പറഞ്ഞു.
കൂടാതെ ഫുട്ബാൾ ആരാധകർക്കും മാധ്യമങ്ങളോടും അദ്ദേഹം കൃതജ്ഞത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

