'ഖൈറാത്ത് അൽ നഖ്ല' ഈന്തപ്പന ഉത്സവത്തിന് ജൂലൈ 30ന് തുടക്കം
text_fieldsബഹ്റൈനിൽ ഈന്തപ്പന ഉത്സവത്തിൽനിന്ന് (ഫയൽ ചിത്രം)
മനാമ: ബഹ്റൈന്റെ കാർഷിക പൈതൃകത്തെയും ഈന്തപ്പനയുടെ പ്രാധാന്യത്തെയും ആഘോഷിക്കുന്ന 'ഖൈറാത്ത് അൽ നഖ്ല' (ഈന്തപ്പനയുടെ സമ്മാനങ്ങൾ)യുടെ ആറാം പതിപ്പിന് ജൂലൈ 30ന് തുടക്കമാകും.
ആഗസ്റ്റ് രണ്ട് വരെ ഹൂറത്ത് അൽ ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ യാണ് ഫെസ്റ്റ് നടക്കുക. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ്, ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഫാർമേഴ്സ് മാർക്കറ്റ് ഡിപ്പാർട്ട്മെന്റുമായും മറ്റു സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശിക കർഷകരെയും ചെറുകിട ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് ഈ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വൈവിധ്യമാർന്ന ബഹ്റൈനി ഈന്തപ്പഴ ഇനങ്ങൾ കാണാനും വാങ്ങാനും സന്ദർശകർക്ക് അവസരം ലഭിക്കും. കൂടാതെ, പരമ്പരാഗത കൊട്ട നെയ്ത്ത്, കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ വർക്ക്ഷോപ്പുകളും ഗെയിമുകളും, ഈന്തപ്പഴം കൊണ്ട് നിർമിച്ച വിഭവങ്ങൾ എന്നിവയുൾപ്പെടെ രസകരമായ നിരവധി കൗതുകങ്ങൾ ഉത്സവത്തിൽ ആസ്വദിക്കാം.
ഖലാസ്, സുക്കരി, മെഡ്ജൂൾ, മുബാഷറ, ഖവാജ, ഗർറ, മെർസിബാൻ എന്നിങ്ങനെ 200ലധികം ഈന്തപ്പഴ ഇനങ്ങൾ വ്യത്യസ്ത രൂപങ്ങളിലും രുചികളിലും ഇവിടെ ലഭ്യമാകും. കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിൽ ഏകദേശം 60 കർഷകർ പങ്കെടുത്തിരുന്നു. ഈന്തപ്പഴത്തിൽനിന്ന് നിർമിച്ച ഐസ് ക്രീം, മധുരപലഹാരങ്ങൾ, അച്ചാറുകൾ, ഈന്തപ്പന ഓലകൾ കൊണ്ട് നെയ്ത കൊട്ടകൾ തുടങ്ങി നിരവധി ഈന്തപ്പഴ ഉൽപന്നങ്ങളും പന ഉൽപന്നങ്ങളും പ്രദർശിപ്പിച്ചിരുന്നു. താമസക്കാർക്കും പൗരന്മാർക്കും സന്ദർശകർക്കും സംരംഭകരിൽനിന്ന് നേരിട്ട് പുതിയ ഉൽപന്നങ്ങളും പ്രാദേശിക ഉൽപന്നങ്ങളും വാങ്ങാനുള്ള അവസരമാണിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

