‘കേരളോത്സവം 2024’ ലോഗോ പ്രകാശനം ചെയ്തു
text_fieldsകേരളോത്സവം 2024 ലോഗോ പ്രകാശനം ചെയ്യുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കല -സാംസ്കാരിക -സാഹിത്യ മാമാങ്കമായ കേരളോത്സവത്തിന് പുതിയ ലോഗോ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ലോഗോ ഡിസൈൻ മത്സര വിജയിയെ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 20ന് നടന്ന ഓണാഘോഷ പരിപാടികൾക്കിടയിലാണ് മത്സര വിജയിയെ പ്രഖ്യാപിച്ചത്. സമാജം പ്രസിഡന്റ് ലോഗോ അനാവരണം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കേരളോത്സവം 2024 എക്സ് ഒഫിഷ്യോ വിനയചന്ദ്രൻ നായർ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, കേരളോത്സവം 2024 ജനറൽ കൺവീനർ ആഷ്ലി കുര്യൻ മഞ്ഞില, ജോയന്റ് കൺവീനർമാരായ വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ സന്നിഹിതരായിരുന്നു.
ആവേശകരമായ പ്രതികരണം ലഭിച്ച മത്സരത്തിൽ, വിവിധ രാജ്യങ്ങളിലുള്ള മലയാളികളിൽനിന്ന് 51 എൻട്രികളാണ് ലഭിച്ചത്. സന്തോഷ് കൂനൻ, സഞ്ജയ് കൂനൻ എന്നിവർ വിധികർത്താക്കളായ വിദഗ്ധ പാനലാണ് കേരളോത്സവത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളുന്ന മികച്ച ലോഗോ തെരഞ്ഞെടുത്തത്. കോഴിക്കോട് കല്ലായി സ്വദേശിയും 30 വർഷത്തോളമായി ബഹ്റൈനിൽ ആർട്ട് ആൻഡ് ഗ്രാഫിക് ഡിസൈനിങ് രംഗത്ത് ജോലിചെയ്യുന്ന വ്യക്തിയുമായ കെ.പി. സമീറാണ് മത്സര വിജയി. വിജയിക്ക് സമ്മാനത്തുകയായ 150 അമേരിക്കൻ ഡോളർ കേരളോത്സവ വേദിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഒരുമാസത്തോളം നീളുന്ന കേരളോത്സവ പരിപാടികൾ നവംബറിൽ ആരംഭിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

