Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചാർട്ടേഡ് വിമാനത്തിൽ...

ചാർട്ടേഡ് വിമാനത്തിൽ ‘കുരുങ്ങി’ കേരളം

text_fields
bookmark_border
ചാർട്ടേഡ് വിമാനത്തിൽ ‘കുരുങ്ങി’ കേരളം
cancel

മനാമ: മേഖലയിൽ തുടരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കായി ദുരിതം പേറുകയാണ് ബഹ്റൈനിലെ മലയാളി പ്രവാസികൾ. മുംബൈയിലേക്കും ചെന്നൈയിലേക്കും ഗൾഫ് എയർ ദമ്മാം വഴി നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും, കേരളത്തിലെ പ്രധാന സെക്ടറുകളിലേക്കൊന്നും നിലവിൽ നേരിട്ടുള്ള വിമാനങ്ങളില്ല. കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളുടെ ആധിക്യമാണ് ഇതിന് പ്രധാന തടസ്സമെന്നാണ് പ്രവാസികളും സാമൂഹിക പ്രവർത്തകരും വിലയിരുത്തുന്നത്.

ഫെബ്രുവരി 28ന് മേഖലയിൽ സംഘർഷം ആരംഭിച്ചതോടെ ബഹ്റൈന്‍റെ വ്യോമപാത അടച്ചിരുന്നു. ഇതോടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരുൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി. പിന്നീട് സാഹചര്യം പരിഗണിച്ച് സൗദിയിലെ ദമ്മാം വഴി ഗൾഫ് എയർ പുനരാരംഭിച്ച സർവീസുകളിൽ ആദ്യം ബോംബെയെയും പിന്നീട് ചെന്നൈയെയുമാണ് ഉൾപ്പെടുത്തിയത്. എന്നാൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കേരളത്തിലേക്ക് നേരിട്ടുള്ള ഷെഡ്യൂളുകൾ പ്രഖ്യാപിക്കപ്പെട്ടില്ല. കേരളത്തിലേക്ക് വിമാനങ്ങളില്ലാത്ത സാഹചര്യം വന്നതോടെയാണ് വിവിധ മലയാളി സംഘടനകളും അസോസിയേഷനുകളും ചേർന്ന് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കാൻ തീരുമാനിച്ചത്. മാർച്ച് 15ന് കൊച്ചിയിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പുറപ്പെട്ടു. രോഗികൾ, ഉപരിപഠനത്തിന് പോകേണ്ട വിദ്യാർത്ഥികൾ, വിസിറ്റ് വിസയിലെത്തി കുടുങ്ങിയവർ എന്നിവരായിരുന്നു യാത്രക്കാരിലധികവും.

സാധാരണ ഗതിയിൽ 60 മുതൽ 100 ദിനാർ വരെ മാത്രം നിരക്കുണ്ടായിരുന്ന സ്ഥാനത്ത്, നിലവിലെ സാഹചര്യത്തിൽ റൂട്ടിലെ മാറ്റവും മറ്റും പരിഗണിച്ച് വലിയ തുകയാണ് ഈടാക്കേണ്ടി വരുന്നത്. ബോംബെയിലേക്ക് ദമ്മാം വഴിയുള്ള യാത്രയ്ക്ക് (ബസ് യാത്രയും ട്രാൻസിറ്റ് വിസയും ഉൾപ്പെടെ) 250 ദിനാർ ഈടാക്കിയപ്പോൾ, കൊച്ചിയിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് 300 ദിനാറിലധികമാണ് പ്രവാസികൾക്ക് നൽകേണ്ടി വന്നത്. എയർലൈൻ തന്നെ ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് പിന്നീട് വില വർധിപ്പിച്ചു എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.

ചെന്നൈ സെക്ടറിനെ പരിഗണിച്ചത് പോലെ കൊച്ചിയിലേക്കും ഗൾഫ് എയർ നേരിട്ട് സർവീസ് നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. എന്നാൽ, ചാർട്ടേഡ് വിമാനങ്ങൾ വഴി ഒരൊറ്റ പേയ്‌മെന്‍റായി മുഴുവൻ തുകയും ലഭിക്കുന്നത് എയർലൈനുകൾക്ക് ലാഭകരമായതിനാൽ അവർ നേരിട്ടുള്ള സർവീസുകൾക്ക് താല്പര്യം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അത്യാവശ്യമായി പോകേണ്ടവരെല്ലാം ഇതിനോടകം ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിക്കഴിഞ്ഞു. ഇനി പോകാനുള്ളത് വാർഷിക അവധിക്കും മറ്റും പോകുന്ന സാധാരണക്കാരായ പ്രവാസികളാണ്. ഇവർക്ക് 350 ദിനാർ നൽകി യാത്ര ചെയ്യുക അസാധ്യമാണ്. സംഘടനകൾ നടത്തുന്ന ചാർട്ടേഡ് സർവീസുകൾ നിർത്തിയാൽ മാത്രമേ ഗൾഫ് എയർ നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറാവുകയുള്ളൂ എന്ന് സാമൂഹിക പ്രവർത്തകരും ട്രാവൽ ഏജൻസികളും അഭിപ്രായപ്പെടുന്നു. എയർലൈനുകൾക്ക് ചാർട്ടേഡ് സൗകര്യം ഒരുക്കി നൽകുന്നത് തുടർന്നാൽ കേരളത്തിലേക്കുള്ള നേരിട്ടുള്ള സാധാരണ സർവീസുകൾ ഇനിയും വൈകാൻ സാധ്യതയുണ്ട്. കേരളത്തിലേക്കും സർവീസുകൾ ആരംഭിക്കാൻ ആവശ്യപ്പെട്ട് മലയാളി സംഘടനകൾ ഗൾഫ് എയറിന് കത്തയച്ചിരുന്നു. അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി മലയാളി സമൂഹവും ആവശ്യപ്പെടുന്നത്.

യാത്രാക്ലേശം നേരിടുന്ന പ്രവാസികളെ സഹായിക്കുന്നതിന് പകരം, ചാർട്ടേഡ് വിമാനങ്ങൾ വൻ തുക ഈടാക്കി ബിസിനസ് അവസരമാക്കുന്നതിനെതിരെ ബഹ്‌റൈനിലെ ട്രാവൽ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ഡൽഹി തുടങ്ങിയ പ്രധാന സെക്ടറുകളിലേക്ക് ഗൾഫ് എയർ നേരിട്ട് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാണ് ട്രാവൽ ഏജൻസികളുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ സംഘടനകൾ നടത്തുന്ന ചാർട്ടേഡ് വിമാനങ്ങൾ യാത്രക്കാരിൽ നിന്ന് വൻ തുകയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും ഏജൻസികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsflightTRAPPEDcharteredgulfKerala
News Summary - Kerala 'trapped' on chartered flight
Next Story