കേരളം നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം -പ്രവാസി വെൽഫെയർ
text_fieldsമനാമ: പുരോഗമനകേരളത്തിലെ മുഴുവൻ മനുഷ്യരെയും ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ് നരബലി സംഭവമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
പുരോഗമന കാഴ്ചപ്പാടുകളുടെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും ശ്രമഫലമായി നവോത്ഥാനമൂല്യങ്ങൾ കൈവരിച്ചു എന്ന് പറയപ്പെടുന്ന നമ്മുടെ സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യരുടെ ജീവനും ജീവിതവും സമ്പത്തും കവർന്നെടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ നവോത്ഥാനമുഖവും പുരോഗമനമുഖവും കാപട്യമാണ് എന്നതാണ് യാഥാർഥ്യം.
നൂറ് ശതമാനം സാക്ഷരത കൈവരിച്ച കേരളത്തിൽ തന്നെയാണ് ഹൈടെക് ആൾദൈവങ്ങളും ആത്മീയ ചൂഷണങ്ങളും അരങ്ങുവാഴുന്നത്. ഉന്നതമേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വാണിഭത്തട്ടിപ്പ് കേന്ദ്രങ്ങൾ പലതും ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
അത്തരം തട്ടിപ്പുകേന്ദ്രങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഭരണകൂടത്തിനോ നിയമപാലകർക്കോ കഴിയാത്തതിനാലാണ് നരഹത്യകൾ വീണ്ടും വീണ്ടും അരങ്ങേറുന്നത്. കേരളത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം ആത്മീയചൂഷണങ്ങൾ സജീവമാണ് എന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ഈ ക്രൂരകൃത്യങ്ങൾക്കും അനാചാരങ്ങൾക്കും ഇരയാകുന്നത് പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ്. വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽപോലും ഇത്തരം അന്ധവിശ്വാസങ്ങൾ പെരുകുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്.
ആഴത്തിൽ പടർന്ന ആത്മീയചൂഷണങ്ങൾക്ക് ആഴത്തിൽതന്നെ ചികിത്സവേണം. രാഷ്ട്രീയനേതൃത്വവും മത-സമുദായ നേതൃത്വങ്ങളും സാസ്കാരിക പ്രവർത്തകരും ഒരുമിച്ച് കൈകോർത്തുനിന്ന് നവോത്ഥാനമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ശക്തമായ ബോധവത്കരണം നടത്തുകയും വേണം.
അല്ലെങ്കിൽ, കേരളം ജീവിക്കാൻകഴിയാത്ത ഒരിടമായി മാറും.
അതോടൊപ്പം, അത്തരം കേന്ദ്രങ്ങൾക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കുകയും പഴുതടച്ച നിയമപാലനം നടപ്പിലാക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.