പ്രളയബാധിതരായ പ്രവാസികൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണം
text_fieldsമനാമ: കേരളത്തിൽ പ്രളയബാധിതരായ പ്രവാസികൾക്ക് അർഹമായ ആനുകൂല്ല്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യമുയരുന്നു. പ്രളയബാധ നേരിട്ട പ്രവാസികളുടെ വീടുകൾക്ക് ഇക്കാര്യത്തിൽ യാതൊരുവിധ അവഗണനയും ഉണ്ടാകാതിരിക്കാൻ അധികൃതരുടെ സത്വര ശ്രദ്ധ പതിയേണ്ട സാഹചര്യമാണുള്ളത്. പ്രവാസി വീടുകളിലെ ഗൃഹനാഥൻമാരിൽ പലരും വിദേശത്ത് ആയതിനാൽ നഷ്ടപരിഹാരത്തിനുവേണ്ടിയും നഷ്ടമായ രേഖകൾ വീണ്ടും നേടുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
പ്രളയക്കെടുതിയിൽപ്പെട്ട ചില പ്രവാസി കുടുംബങ്ങളോട് ഗൃഹനാഥെൻറ ആധാർ കാർഡിെൻറ നമ്പർ നൽകാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. പ്രവാസിയായതിനാൽ പല പ്രവാസികൾക്കും ആധാർ കാർഡ് ഇല്ല. സർക്കാർ ആഫീസുകളിലെ പതിവ് നൂലാമാലകൾ കാരണം പ്രവാസികളായ പ്രളയത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ പോകരുതെന്നാണ് പൊതുവായുള്ള അഭിപ്രായം. തങ്ങളുടെ കുടുംബത്തിനുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തി നഷ്ടപരിഹാരം ലഭിക്കാൻ നടപടി ഉണ്ടാകുമോ എന്നുള്ള ആശങ്കകൾ പലരും പങ്കുവെക്കുന്നുണ്ട്. പ്രളയത്തിൽ വീടിന് നാശം ഉണ്ടായതിനെ തുടർന്ന്, പത്തനംതിട്ടക്കാരനായ ഒരു പ്രവാസിയുടെ ഭാര്യ നൽകിയ അപേക്ഷ വില്ലേജ് ആഫീസർ മുടന്തൻ ന്യായം പറഞ്ഞ് സ്വീകരിച്ചിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു.
പ്രളയത്തിെൻറ ഭാഗമായുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പിലും നഷ്ടപരിഹാര വിതരണത്തിലും പ്രവാസി കുടുംബങ്ങൾക്ക് അർഹമായ പരിഗണന ഉണ്ടാകണമെന്നതാണ് പൊതുവായി ഉയരുന്ന ആവശ്യം. നഷ്ടപരിഹാരത്തിനായി കയറിയിറങ്ങുന്ന ഇരകളുടെ ആധിക്യമാണ് ഇന്ന് കേരളത്തിലെ വില്ലേജ്, ഗ്രാമപഞ്ചായത്ത്, താലൂക്ക് ആഫീസുകളിലുള്ളത്. എന്നാൽ പ്രവാസികൾ ഗൃഹനാഥൻമാരായ വീടുകളിൽ സ്ത്രീകളും കുട്ടികളും അല്ലെങ്കിൽ പ്രായമായവർ മാത്രമുള്ള അവസ്ഥയാണ്. പ്രവാസി കുടുംബങ്ങൾ ഗൾഫിലായ ചിലരുടെ വീടുകൾ പൂട്ടികിടക്കുന്നുണ്ട്.
അതിനാൽ നഷ്ടപരിഹാരത്തിനും നഷ്ടമായ രേഖകൾ സംഘടിപ്പിക്കാനും സർക്കാർ ഒാഫീസുകളിൽ കയറിയിറങ്ങാൻ പരിമിതികളുള്ള അവസ്ഥയുണ്ട്.
പ്രളയക്കെടുതിയിൽ ബഹ്റൈനിലെ നിരവധി പ്രവാസികളുടെ വീടുകളും സാധനങ്ങളും കൃഷിയും നശിക്കപ്പെട്ടിട്ടുണ്ട്. നിരവധി പ്രവാസി കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ കഴിയുന്ന സാഹചര്യവുമുണ്ട്. പ്രവാസ ജീവിതം കൊണ്ട് കെട്ടിപ്പടുത്ത വീടും വീട്ടുസാധനങ്ങളും വാഹനങ്ങളും ഒറ്റയടിക്ക് വെള്ളപ്പൊക്കത്തിൽ നശിക്കപ്പെട്ടതിെൻറ ആഘാതത്തിലാണ് പലരും. എന്ത് നഷ്ടപരിഹാരം ലഭിച്ചാലും തങ്ങൾക്ക് പോയത് തിരികെ കിട്ടില്ലെന്ന് ഇവർ വേദനയോടെ പറയുന്നു. എന്നാൽ ലഭിക്കേണ്ട അർഹമായ ആനുകൂല്ല്യങ്ങൾ ലഭിക്കാതിരിക്കുകയാണങ്കിൽ തങ്ങളുടെ ജീവിതം കൂടുതൽ ഇരുട്ടിലാകുമെന്നാണ് പ്രവാസി സമൂഹത്തിെൻറ ഒാർമപ്പെടുത്തൽ.
ബഹ്റൈൻ മലയാളി സമൂഹത്തിലെ നൂറുകണക്കിന് പ്രവാസികളാണ് പ്രളയത്തിെൻറ അനന്തര ഫലങ്ങൾ നേരിടുന്നത്. എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലക്കാരായ നിരവധി പ്രവാസികൾ നഷ്ടങ്ങളുടെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നുണ്ട്. ഗൃഹനാഥൻമാർ വിദേശത്തായതിനാൽ തങ്ങളുടെ കുടുംബത്തിലുണ്ടായ യഥാർഥ നഷ്ടങ്ങളുടെ കണക്കുകൾ പോലും ശരിക്കും തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്. ചിലരുടെ വീടുകളുടെ ഭിത്തിയിൽ വിളളൽ വീണ അവസ്ഥയാണ്. വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങളും വൈദ്യുതീകരവും പാടെ തകർന്ന അവസ്ഥയുമുണ്ട്. ചില വീടുകളിൽ ചളിയും ദുർഗന്ധവും ഒപ്പം പാമ്പിെൻറ ശല്ല്യവും പ്രശ്നമായി നിൽക്കുന്നു. പ്രവാസികളുടെ വീടുകളിൽ ശുചീകരണത്തിന് ആളെവെച്ച് ചെയ്യിക്കേണ്ട അവസ്ഥയുമുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നു.
സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ കക്ഷി പ്രവർത്തകരും വീടുകൾ ശുചീകരിക്കാൻ വ്യാപകമായി ഇറങ്ങിത്തിരിച്ചപ്പോൾ അതിെൻറ ഗുണം പ്രവാസികളിൽ പലരുടെയും വീടുകൾക്ക് ലഭിക്കാതെ പോയി. സമൂഹത്തിൽ പ്രവാസികളോടുള്ള സമൂഹത്തിെൻറ മനോഭാവം ഇനിയും മാറേണ്ടതുണ്ടെന്നും ഇൗ അനുഭവങ്ങൾ സൂചിപ്പിക്കുന്നതായി ഇരകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
