കേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 2025’
text_fieldsകേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 2025’ നോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം ഈ വർഷം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളായ ‘ശ്രാവണം 2025’ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾകൊണ്ട് ശ്രദ്ധേയമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ തനത് കലാപാരമ്പര്യവും ഓണ പൈതൃകവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ആധുനിക മലയാളി സമൂഹത്തിന്റെ കലാപരമായ അഭിരുചികളെയും പരിഗണിച്ചാണ് ഓണാഘോഷം സംഘടിപ്പിക്കാറുള്ളതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. കേരളത്തിന് പുറത്ത് നടക്കുന്ന ഓണാഘോഷങ്ങളിൽ ഏറ്റവും വിപുലവും ദീർഘവുമായ പരിപാടികൾക്കാണ് ബഹ്റൈൻ കേരളീയ സമാജം നേതൃത്വം നൽകുന്നത്.
ഓണാഘോഷങ്ങളുടെ ചരിത്രപരമായ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകി 'പിള്ളേരോണം' സംഘടിപ്പിച്ചാണ് ഇത്തവണത്തെ പരിപാടികൾക്ക് തുടക്കമിട്ടത്. ആഗസ്റ്റ് 29ന് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള രുചിഭേദങ്ങൾ പരിചയപ്പെടുത്തുന്ന 'രുചിമേള' നടക്കും. സെപ്റ്റംബർ ഒന്നിന് കൊടിയേറ്റത്തോടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന് സെപ്റ്റംബർ നാലിന് പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന കമ്പവലി മത്സരവും സെപ്റ്റംബർ അഞ്ചിന് ഗായകൻ പി. ജയചന്ദ്രന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും നടക്കും.
സെപ്റ്റംബർ ആറ് മുതൽ 27 വരെ വിവിധ ദിവസങ്ങളിൽ നാടോടിനൃത്ത അവതരണങ്ങൾ, ഓണപ്പുടവ മത്സരം, കലാപരിപാടികൾ, ഓണപ്പാട്ട് മത്സരം, ക്വിസ് മത്സരം, യുവഗായകരുടെ സംഗീതനിശ, പൂക്കള മത്സരം, കെ.എസ്. ചിത്രയുടെയും സംഘത്തിന്റെയും ഗാനമേള, പായസ-തിരുവാതിര മത്സരങ്ങൾ, ഇന്ത്യൻ പരമ്പരാഗത കോസ്റ്റ്യൂം മത്സരങ്ങൾ, നാടൻപാട്ടുകൾ, കബഡി മത്സരം, വയലിൻ അവതരണം, സിനിമാറ്റിക് ഡാൻസ് മത്സരം, മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ, നൃത്തസംഗീത പരിപാടി, മ്യൂസിക് ഡാൻസ് ഡ്രാമ എന്നിവയും നടക്കും.
ഒക്ടോബർ ഒന്നിന് സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററുടെ സംഗീത സംഭാവനകളെ അനുസ്മരിക്കുന്ന പരിപാടിയും ഒക്ടോബർ രണ്ടിന് വിദ്യാരംഭ ചടങ്ങുകളും നടക്കും. 5000 പേർക്ക് പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യയോടെ ഒക്ടോബർ മൂന്നിന് ആഘോഷങ്ങൾ സമാപിക്കും. വർഗീസ് ജോർജ് ജനറൽ കൺവീനറായ നൂറിലധികം അംഗങ്ങളുള്ള കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
മഹാരുചിമേള ഇന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിതരണവും നടക്കുന്ന രുചിമേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും സെലിബ്രിറ്റികളുമൊക്കെ പ്രദർശനം കാണാൻ എത്തിച്ചേരുമെന്നും പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. വിവിധ ഭക്ഷണ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന മുപ്പതോളം സ്റ്റാളുകൾ ആയിരക്കണക്കിനണാളുകൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
മഹാ രുചിമേളക്കിടയിൽ നിരവധി വിനോദപരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജീഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് മഹാ രുചിമേള കൺവീനർ അജികുമാർ 39800143, ജോബി ഷാജൻ 33185698, അനീ ടി. 38408430 (ജോയന്റ് കൺവീനർമാർ) എന്നിവരെ ബന്ധപ്പെടാം. വറുഗീസ് ജോർജ് ജനറൽ കൺവീനറായ സംഘാടക സമിതിയാണ് ഈ വർഷത്തെ സമാജം ഓണാഘോഷമായ ശ്രാവണം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

