ഭാഷയുടെ ആഘോഷമായി കേരളപ്പിറവി ദിനം
text_fieldsമലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം
മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷമായ ‘ഭാഷാദിനോത്സവം’ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഭാഷാ പ്രതിജ്ഞയോടെ തുടക്കം കുറിച്ച ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർർഗീസ് കാരക്കൽ നിർവഹിച്ചു. ചാപ്റ്റർ ഭാരവാഹികളും ബഹ്റൈൻ ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളായ ബഹ്റൈൻ കേരളീയ സമാജം, എസ്.എൻ.സി.എസ്, ബഹ്റൈൻ പ്രതിഭ, ജി.എസ്.എസ്, മുഹറഖ് മലയാളി സമാജം, കെ.എസ്.സി.എ, പ്രവാസി ഗൈഡൻസ് ഫോറം, യൂനിറ്റി ബഹ്റൈൻ, എഫ്.എസ്.എ എന്നീ ഒമ്പത് പാഠശാലകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്ന ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി ബിജു എം.സതീഷ് സ്വാഗതവും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സമാജം ഭരണസമിതി അംഗങ്ങളായ ദിലീഷ് കുമാർ, വിനയചന്ദ്രൻ നായർ എന്നിവർ ആശംസകളും നേർന്നു.
ചാപ്റ്റർ കോഓഡിനേറ്റർ രജിത അനി കൃതജ്ഞത രേഖപ്പെടുത്തിയ ചടങ്ങിനോടനുബന്ധിച്ച് ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. 2011ൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ബഹ്റൈനിൽ ഒമ്പത് സാംസ്കാരിക കൂട്ടായ്മകൾക്ക് കീഴിൽ പതിനൊന്ന് പഠനകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 150ൽപരം അധ്യാപകർ സൗജന്യ സേവനം അനുഷ്ഠിക്കുന്ന പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളാണ് ഭാഷാപഠനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

