യു.ഡി.എഫിന്‍റെ ഉജ്ജ്വല ജയം; ആഘോഷവുമായി പ്രവാസികളും
text_fieldsമനാമ: കേരള നിയമ സഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയത്തിൽ ആഘോഷവുമായി ബഹ്റൈൻ പ്രവാസികളും. രാവിലെ അഞ്ചുമണി മുതൽ തന്നെ തത്സമയ സംപ്രേക്ഷണം ഒരുക്കിയും മധുരങ്ങൾ സജ്ജമാക്കിയും യു.ഡി.എഫ് അനുകൂല സംഘടനകൾ വിജയത്തെ പ്രതീക്ഷിച്ചിരുന്നു. രാത്രിയോടെ കെ.എം.സി.സി ഓഫീസിൽ ഒ.ഐ.സി.സിയും ബി.എം.സി ഹാളിൽ ഐ.വൈ.സി.സിയും, ഐ.ഒ.സിയും വിജയാഘോഷം സംഘടിപ്പിച്ചു.
വിജയം ആഘോഷിക്കുന്ന കെ.എം.സി.സി പ്രവർത്തകർ
മുദ്രാവാക്യ വിളികളും മധുര വിതരണവുമായി ആഘോഷ നിറവിലായിരുന്നു യു.ഡി.എഫ് അണികൾ. ബഹ്‌റൈനിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളാണ്.
ചരിത്രവിജയത്തിന് പിന്തുണനൽകിയ ജനാധിപത്യ വിശ്വാസികൾക്ക് നന്ദി -ഒ.ഐ.സി.സി
മനാമ : കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്രവിജയം സമ്മാനിച്ച ജനാധിപത്യ വിശ്വാസികൾക്ക് ബഹ്‌റൈൻ ഒ.ഐ.സി.സി നന്ദി രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു.
കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ച പ്രതിസന്ധികൾക്ക് പരിഹാരമായിരിക്കുകയാണ്. അഴിമതിയും, സി.പി.എം നേതാക്കളുടെയും, പ്രവർത്തകരുടെയും അഹന്തക്ക് ഏറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം. സർക്കാർ പണം ദൂർത്തു നടത്തി, നാട് നീളെ പരസ്യം ചെയ്താലും, പുതിയ കാലഘട്ടത്തിൽ എല്ലാ ആളുകളെയും, എല്ലായിപ്പോഴും പറ്റിക്കാൻ സാധിക്കില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം എന്നും ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് നടത്തിയ ജനക്ഷേമ പ്രവർത്തങ്ങളുമായി പുതിയ സർക്കാർ ഉടനെ അധികാരത്തിൽ വരും എന്നും, പ്രവാസികൾ അടക്കം സമൂഹത്തിലെ എല്ലാ ആളുകളുടെയും ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും എന്നും ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപെട്ടു.
അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം- കെ.എം.സി.സി
മനാമ: തുടർഭരണം എന്ന അഹങ്കാരത്തിൽ ജനങ്ങളെ പാടെ അവഗണിച്ച പിണറായി സർക്കാറിന് ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണ് യു.ഡി.ഫിൻ്റെ വിജയത്തിന് വഴിതെളിച്ചതെന്ന് കെ.എം.സി.സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് മുന്നണിയുടെ കെട്ടുറപ്പും ഐക്യവും പ്രതിഫലിച്ച വിജയമാണ് ദൃശ്യമായത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെയ്ക്കാൻ വരുന്ന ഗവൺമെൻ്റിന് കഴിയട്ടെ എന്നും, ഈ വിജയത്തിന് നേതൃത്വം നൽകിയ മുഴുവൻ യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും അനുമോദിക്കുന്നു എന്നും കെ.എം.സി.സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ജനാധിപത്യം ഉയർത്തിപിടിക്കുന്ന വിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ.എം.സി.സി ആക്റ്റിങ്ങ് പ്രസിഡൻ്റ് റഫീഖ് തോട്ടക്കരയും സെക്രട്ടറി അഷറഫ് കാട്ടിൽ പീടിയയും അഭിപ്രായപ്പെട്ടു.
ബി.ജെ.പി സ്ഥാനാർത്ഥികളുടെ വിജയം; കേരള രാഷ്ട്രീയത്തിലെ വലിയ വഴിത്തിരിവ്
മനാമ: ബി.ജെ.പി സ്ഥാനാർത്ഥികളുടെ വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിച്ച് ബി.ജെ.പി പ്രതിനിധി സോവിച്ചൻ ചേന്നാട്ടൂശ്ശേരി. കേരള രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. നേമം മോഡൽ വികസനവും മോദി സർക്കാരിൻ്റെ വിഴിഞ്ഞം, എൻ.എച്ച് വികസന പദ്ധതികളും വോട്ടായി മാറി. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ മനംമടുത്ത ജനങ്ങൾ ബി.ജെ.പിക്ക് നൽകിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016ൽ ഒരു സീറ്റും 2021ൽ പൂജ്യവുമായിരുന്ന ബി.ജെ.പി 2026ൽ മൂന്ന് സീറ്റുകൾ നേടിയത് പാർട്ടിയുടെ വലിയ വളർച്ചയാണ് സൂചിപ്പിക്കുന്നത്. വരും തിരഞ്ഞെടുപ്പുകളിൽ മധ്യ-വടക്കൻ കേരളത്തിലും പാർട്ടി അക്കൗണ്ട് തുറക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിജയിച്ച എം.എൽ.എമാർക്കും ജില്ലാ നേതൃത്വത്തിനും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

