കെ.സി.എ മാസ്റ്റേഴ്സ് വോളിബാൾ ടൂർണമെന്റ്
text_fieldsകെ.സി.എ മാസ്റ്റേഴ്സ് വോളിബാൾ ടൂർണമെന്റ് ജേതാക്കൾ ട്രോഫിയുമായി
മനാമ: കെ.സി.എ ബഹ്റൈനിലാദ്യമായി 40 വയസ്സിന് മുകളിലുള്ളവർക്കുവേണ്ടി മാസ്റ്റേഴ്സ് 6 എ സൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, കെ.സി.എ ടീം റിഫ സ്റ്റാർസ് ടീമിനെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി ടൂർണമെന്റിൽ ജേതാക്കളായി. സ്കോർ: 25-16, 25-18.
ബെസ്റ്റ് അറ്റാക്കറായി കെ.സി.എ ടീമിന്റെ റെയ്സൺ മാത്യുവിനെയും ബെസ്റ്റ് സെറ്ററായി കെ.സി.എ ടീമിന്റെ അനൂപിനെയും തെരഞ്ഞെടുത്തു. മോസ്റ്റ് ഡിസിപ്ലിൻ പ്ലെയർ അവാർഡിന് റിഫാ സ്റ്റാർസിന്റെ അബ്ദുൽ റഹ്മാനും പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡിന് റിഫ സ്റ്റാർസ് ടീമിന്റെ ഷാഫി പട്ടായിയും അർഹനായി. ടൂർണമെന്റ് ചെയർമാൻ റെയിസൺ മാത്യു, കൺവീനർ ജയകുമാർ, കോഓഡിനേറ്റർ അനൂപ്, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോൻജ് സെക്രട്ടറി ജിൻസ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ റോയ് സി ആന്റണി, റോയ് ജോസഫ്, ജോബി ജോർജ്, സിജി ഫിലിപ്പ്, വിനോദ് ഡാനിയൽ, നൗഫൽ, വിവേക് വിജയൻ, റിച്ചിൻ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.
നിതിൻ കക്കഞ്ചേരി, സുബിൻ അങ്ങാടിക്കൽ എന്നിവർ റഫറിമാരായിരുന്നു. തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, മെംബർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ് എന്നിവർ വിജയികൾക്കുള്ള അവാർഡുകളും ട്രോഫികളും സമ്മാനിച്ചു. മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും മറ്റ് വിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. കിംസ് മെഡിക്കൽ സെന്റർ മെഡിക്കൽ സപ്പോർട്ട് നൽകി.

