കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2025ന് പര്യവസാനം
text_fieldsകെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 സമാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കിയ കെ.സി.എ-ബി.എഫ്.സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2025 കലോത്സവം വിജയകരമായി പൂർത്തീകരിച്ചു.
സമാപന ചടങ്ങും അവാർഡ് ദാനവും ഈ മാസം 12ന് നടക്കും. സിനിമ താരം വിൻസി അലോഷ്യസ് മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് ആറിന് സെഗയയിലെ കെ.സി.എ-വി.കെ.എൽ. ഓഡിറ്റോറിയത്തിലാണ് പരിപാടി. മികച്ച സംഗീത, നൃത്ത അധ്യാപകർക്കുള്ള അവാർഡുകളും സ്കൂളുകൾക്കുള്ള പ്രത്യേക അവാർഡുകളും ചടങ്ങിൽ പ്രഖ്യാപിക്കും. 1,200ൽ അധികം കുട്ടികളുടെ പ്രതിഭാവിലാസം മാറ്റുരച്ച ഈ സാംസ്കാരിക മേളയിൽ, 180ൽ അധികം ഇനങ്ങളിലായി റെക്കോഡ് പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.
ബഹ്റൈൻ ഫൈനാൻസിങ് കമ്പനിയുടെ റീട്ടെയിൽ സെയിൽസ് മേധാവി അനുജ് ഗോവിൽ 2025 ഒക്ടോബർ 18ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത കലോത്സവത്തിൽ, 10ൽ അധികം സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അഞ്ച് പ്രായവിഭാഗങ്ങളിലായി മത്സരിച്ചു. നൃത്തം, സംഗീതം, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, സാഹിത്യം തുടങ്ങി നിരവധി മത്സരയിനങ്ങൾ അരങ്ങേറി.
മികവിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ സമ്മാനം നേടിയവരെയാണ് കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്. കലാതിലകമായി 101 പോയന്റ് നേടിയ ഗായത്രി സുധീർ (ന്യൂ മില്ലേനിയം സ്കൂൾ), കലാപ്രതിഭയായി 77 പോയന്റ് നേടിയ ശൗര്യ ശ്രീജിത്ത് (ദി ഏഷ്യൻ സ്കൂൾ)നെയും തിരഞ്ഞെടുത്തു. മറ്റ് ഗ്രൂപ് തല വിജയികൾക്കുള്ള അവാർഡും കെ.സി.എ സ്പെഷൽ ചാമ്പ്യൻഷിപ് അവാർഡുകളും എക്സലൻസ് അവാർഡുകളും സമ്മാനിക്കും.
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പരിപാടിയുടെ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തുകയും, ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുകയും ചെയ്തു. വാർത്തസമ്മേളനത്തിൽ ജോയൽ ജോസ്, ലിയോ ജോസഫ്, സിമി ലിയോ, ആനന്ദ് നായർ, ജെയിംസ് ജോൺ, വിനു ക്രിസ്റ്റി, ജിൻസ് ജോസഫ്, കെ.എം. തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

