കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2025; ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും
text_fieldsകെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ഗ്രാൻഡ് ഫിനാലെ
ചടങ്ങിൽനിന്ന്
മനാമ: കെ.സി.എ-ബി.എഫ്.സി ഇന്ത്യൻ ടാലന്റ് സ്കാൻ 2025ന്റെ വർണാഭമായ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും സെഗയയിലെ കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി നിവേദ എസ് മുഖ്യാതിഥിയായും, പ്രമുഖ സിനിമ താരവും കേരള സംസ്ഥാന മികച്ച നടി പുരസ്കാര ജേതാവുമായ വിൻസി അലോഷ്യസ് പ്രത്യേക അതിഥിയായും ചടങ്ങിൽ പങ്കെടുത്തു. ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അനൂപ് കുമാർ, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്താൽ ചടങ്ങ് ശ്രദ്ധേയമായി. സാംസ്കാരിക പരിപാടികളോടെ ആരംഭിച്ച ചടങ്ങിന്, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷ പ്രസംഗം നടത്തി. ടാലന്റ് സ്കാൻ ചെയർപേഴ്സൺ സിമി ലിയോ റിപ്പോർട്ട് അവതരിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യൻ വംശജരായ 1,200ൽ അധികം കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ കലയുടെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഊർജസ്വലമായ ആഘോഷമായിരുന്നു ഈ പരിപാടിയെന്ന് അവർ എടുത്തുപറഞ്ഞു. ബഹ്റൈൻ ഫിനാൻസിങ് കമ്പനിയുടെ റീട്ടെയിൽ സെയിൽസ് മേധാവി അനുജ് ഗോവിൽ ഉദ്ഘാടനം ചെയ്ത, രണ്ടുമാസം നീണ്ട ഈ സാംസ്കാരിക മാമാങ്കം 2025 ഒക്ടോബർ 18ന് ആണ് ആരംഭിച്ചത്.
അവാർഡ് ദാന ചടങ്ങിൽ, വിശിഷ്ട വ്യക്തികൾ വിജയികളെ അഭിനന്ദിക്കുകയും പങ്കെടുത്ത എല്ലാവരെയും പ്രശംസിക്കുകയും ചെയ്തു. യുവ പ്രതിഭകളെ പരിപോഷിപ്പിക്കേണ്ടതിന്റെയും ആത്മവിശ്വാസവും സ്വഭാവഗുണവും വളർത്തുന്നതിന് പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. 800ൽ അധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും അർഹരായവർക്ക് വിതരണം ചെയ്തു. ടാലന്റ് സ്കാൻ 25 പൂർത്തിയാക്കിയതിന്റെ ഭാഗമായി മുൻകാലങ്ങളിൽ സാരഥ്യം വഹിച്ച ജോൺസൻ ദേവസ്സി, അരുൾദാസ് തോമസ്, ജോയ് ജോസഫ്, വർഗീസ് ജോസഫ്, ലിയോ ജോസഫ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. രജത ജൂബിലി ഓർമക്കായി പുറത്തിറക്കുന്ന സുവനീറിന്റെ കവർ പേജ് പ്രകാശനം ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി നിവേദ എസ് ചടങ്ങിൽ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

