കെ.സി.എ ഇന്ത്യൻ ടാലൻറ് സ്കാൻ ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsമനാമ: കെ.സി.എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ-സംസ്കാരിക ഉത്സവം ‘ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലൻറ് സ്കാൻ 2019’ഡിസംബർ ഒമ്പതിന് വിജയകരമായി. പൂർത്തീകരിച്ചതായി കെ.സി.എ ഭാരവാഹികൾ അറിയിച്ചു. ഗ്രാൻഡ് ഫിനാലെയും, അവാർഡുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും ചൊവ്വാഴ്ച വൈകീട്ട് 5.30ന് നടക്കും. ഗായികയും വയലിനിസ്റ്റും ആയ കലാകാരി രൂപ രേവതി അവാർഡുദാനം നിർവഹിക്കുമെന്ന് ‘ഇന്ത്യൻ ടാലൻറ് സ്കാൻ’ ജനറൽ കൺവീനർ ലിയോ ജോസഫ് അറിയിച്ചു. ഒന്നര മാസം നീണ്ട മത്സരങ്ങളിൽ 783 കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത കുട്ടികളെ പ്രായത്തിെൻറ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചിരുന്നു, എല്ലാ ഗ്രൂപ്പുകളിലുമായി മൊത്തം 154 മത്സര ഇനങ്ങൾ ഉണ്ടായിരുന്നു. എല്ലാ ദിവസവും നാലു വേദികളിലായി ഒരേസമയം മത്സരങ്ങൾ നടന്നു. ടീം ഇനങ്ങളെ ജൂനിയേഴ്സ്, സീനിയേഴ്സ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു.
14 സ്കൂളുകളിൽനിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ സ്കൂളിൽനിന്നുമാണ് ഏറ്റവും കൂടുതൽ പങ്കാളിത്തം ലഭിച്ചത്. 393 പേർ പങ്കെടുത്ത ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ഒന്നാമതെത്തി. ഏഷ്യൻ സ്കൂളും (147) ന്യൂ മില്ലേനിയം സ്കൂളും (106) തൊട്ടുപിന്നിലുണ്ട്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. ‘കലാതിലകം’പട്ടം നേടിയത് ന്യൂമില്ലേനിയം സ്കൂളിലെ സാദിക ബാലമുരളിയാണ്.
കലാപ്രതിഭ’ഏഷ്യൻ സ്കൂളിലെ ഷൗര്യ ശ്രീജിത്തും കരസ്ഥമാക്കി. ഗ്രൂപ് ഒന്ന് ചാമ്പ്യൻഷിപ് അവാർഡ് ഏഷ്യൻ സ്കൂളിലെ നിവേദ്യ വിനോദ് നേടിയപ്പോൾ, ഗ്രൂപ് രണ്ട് ചാമ്പ്യൻഷിപ് അവാർഡ് ഇന്ത്യൻ സ്കൂളിൽനിന്നുള്ള നക്ഷത്ര രാജും നേടി. കെ.സി.എ അംഗങ്ങളായ കുട്ടികൾക്കുള്ള പ്രത്യേക അവാർഡ് ഏഞ്ചൽ മേരി (ഗ്രൂപ് ഒന്ന്), റേച്ചൽ വൈ. ജോൺ (ഗ്രൂപ് രണ്ട്), റിക്കി വർഗീസ് (ഗ്രൂപ് മൂന്ന്), മിയ മറിയം അലക്സ് (ഗ്രൂപ് നാല്) എന്നിവർ കരസ്ഥമാക്കി. നാട്യ രത്ന അവാർഡ് നൃത്ത മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഇന്ത്യൻ സ്കൂളിലെ മാളവിക സുരേഷ്കുമാർ നേടി. ന്യൂ മില്ലേനിയം സ്കൂളിലെ നന്ദന ശ്രീകാന്ത് ഗാനാലാപന വിഭാഗത്തിൽനിന്ന് സംഗീത രത്ന അവാർഡ് നേടി. സാഹിത്യ രത്ന അവാർഡ് ഏഷ്യൻ സ്കൂളിലെ ഷൗര്യ ശ്രീജിത് കരസ്ഥമാക്കി. ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിഭാഗത്തിൽനിന്ന് ഏഷ്യൻ സ്കൂളിലെ മിയ മറിയം അലക്സ് കലാ രത്ന അവാർഡിന് അർഹയായി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നന്ദി അറിയിക്കുന്നതായി പ്രസിഡൻറ് സേവി മാത്തുണ്ണി പറഞ്ഞു.ചൊവ്വാഴ്ച നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ 620ലധികം ട്രോഫികൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
