കെ.സി.എ-ബി.എഫ്.സി ഓണം പൊന്നോണം 2025
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ), ‘കെ.സി.എ-ബി.എഫ്.സി ഓണം പൊന്നോണം 2025’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യവിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 29 മുതൽ തുടങ്ങി സെപ്റ്റംബർ 26ന് നടക്കുന്ന ഗ്രാൻഡ്ഫിനാലെയോടുകൂടി പര്യവസാനിക്കും. ബി.എഫ്.സി ടൈറ്റിൽ സ്പോൺസറാകും.
പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും. ഓണവുമായി ബന്ധപ്പെട്ട് ഓപൺ ടു ആൾ കാറ്റഗറിയിലും മെംബേഴ്സ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും. പരിപാടികൾക്കൊപ്പം പായസം മത്സരം, തിരുവാതിര, ഓണപ്പാട്ട് മത്സരം, പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ ‘തനിമലയാളി’ ഓണപ്പുടവ മത്സരം, പഞ്ചഗുസ്തി മത്സരം, പൂക്കളം മത്സരം എന്നിവ സംഘടിപ്പിക്കും. ബഹ്റൈനിലെ പ്രഫഷനൽ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 19ന് കെ.സി.എ അങ്കണത്തിൽ വെച്ച് നടക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച കെ.സി.എ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും.
വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ ‘ഓണസദ്യ’ 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച കെ.സി.എ ഹാളിലും നടക്കും. കമ്മിറ്റി ചെയർമാൻ റോയ് സി. ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, പ്രോഗ്രാം കോഓഡിനേറ്റർമാരായ ജോബി ജോർജ്, ബോൺസി ജിതിൻ, പ്രോഗ്രാം കൺവീനർമാരും കെ.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടക സമിതിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

