ദുരിതങ്ങൾക്കൊടുവിൽ കറുപ്പുസ്വാമി നാടണഞ്ഞു
text_fieldsവേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഭാരവാഹികൾ കറുപ്പുസ്വാമി ചിന്നതമ്പിയെ യാത്രയാക്കുന്നു
മനാമ: വർഷങ്ങളായി ബഹ്റൈനിൽ ജോലിയില്ലാതെ പ്രയാസപ്പെട്ട മൂന്നാർ സ്വദേശി വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസിന്റെ ഇടപെടലിൽ നാട്ടിലെത്തി. തമിഴ് വംശജനായ കറുപ്പുസ്വാമി ചിന്നതമ്പിക്കാണ് പ്രവാസി മലയാളികളുടെ കാരുണ്യം തുണയായത്.
കറുപ്പുസ്വാമിയുടെ ദുരിതാവസ്ഥയെക്കുറിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് ലഭിച്ച വാട്സ്ആപ് സന്ദേശത്തെ തുടർന്ന് അദ്ദേഹം ബഹ്റൈനിലെ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റും ഒ.ഐ.സി.സി ഇടുക്കി ജില്ല പ്രസിഡന്റുമായ എബ്രഹാം സാമുവലിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഘടന ഭാരവാഹികൾ കറുപ്പുസ്വാമിയെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. യാത്രാരേഖകൾ ശരിയാക്കാനും മറ്റു കാര്യങ്ങൾക്കും ഇവർ ഒപ്പമുണ്ടായിരുന്നു. പാസ്പോർട്ട് തിരികെ കിട്ടാൻ ബഹ്റൈൻ പൊലീസിന്റെ ഇടപെടൽ സഹായിച്ചു.
ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെട്ട കറുപ്പുസ്വാമിയെ കൂടെ താമസിക്കുന്ന സുഹൃത്തുക്കളാണ് സഹായിച്ചുവന്നത്.
നാട്ടിലെത്തിയ കറുപ്പുസ്വാമിയും സഹോദരനും ബഹ്റൈനിലെ സുഹൃത്തുക്കളോടും ഇന്ത്യൻ എംബസിയോടും വേൾഡ് മലയാളി കൗൺസിലിനോടും ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനോടുമുള്ള നന്ദി അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ സെക്രട്ടറി പ്രേംജിത്, ട്രഷറർ ജിജോ ബേബി, ഹരീഷ് നായർ, വിനോദ് നാരായണൻ, അബ്ദുല്ല ബെള്ളിപ്പാടി, പൊതുപ്രവർത്തക ഷെമിലി പി. ജോൺ, എബ്രഹാം സാമുവൽ എന്നിവർ കറുപ്പുസ്വാമിയെ യാത്രയയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

