ബധിരർക്ക് നിയമ അവബോധ പരിശീലനവുമായി ജെ.എൽ.എസ്.ഐ
text_fieldsബധിരർക്കായി നിയമ അവബോധ പരിശീലനപരിപാടിയുടെ ഭാഗമായി നടത്തിയ യോഗത്തിൽനിന്ന്
മനാമ: ബധിരർക്കായി നിയമ അവബോധ പരിശീലന പരിപാടി ആരംഭിച്ച് ബഹ്റൈനിലെ ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസ് ഇൻസ്റ്റിറ്റൂട്ട് (ജെ.എൽ.എസ്.ഐ). വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാമൂഹികസേവനങ്ങൾ എന്നിവയിലെ ബധിരരുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് അടിസ്ഥാന നിയമപരിജ്ഞാനം നൽകുകയാണ് ലക്ഷ്യം.
സമൂഹത്തിന്റെ യഥാർഥ ആവശ്യങ്ങൾ തിരിച്ചറിയാൻ വിശാല സർവേയിലൂടെ വിവരം ശേഖരിച്ചാണ് പരിശീലനപദ്ധതി രൂപപ്പെടുത്തിയത്. ബധിരർ ഭരണപരവും നിയമപരവുമായ സ്ഥാപനങ്ങളുമായുള്ള ദൈനംദിന ഇടപാടുകളിൽ നേരിടുന്ന യഥാർഥ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തി പരിശീലന മുൻഗണനകൾ തിരിച്ചറിയാനും ഉള്ളടക്കം രൂപപ്പെടുത്താനും സർവേ സഹായിച്ചു.
നാലുദിവസത്തെ പരിപാടിയിൽ നാല് പ്രത്യേക സെഷനുകൾ ഉൾപ്പെടുന്നു. ആകെ 16 മണിക്കൂറാണ് പരിശീലനം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള നിയമ ചട്ടക്കൂട്, ബധിരരുമായി ബന്ധപ്പെട്ട നിയമങ്ങൾ, നിയമ അധികാരികളുമായുള്ള ഫലപ്രദമായ ആശയവിനിമയം, ബഹ്റൈനിലെ കുടുംബനിയമത്തിലെ പ്രായോഗിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം.
ഇന്ററാക്ടിവ് പഠനരീതി-സംവേദനാത്മക ക്ലാസുകൾ, സൈൻ ലാംഗ്വേജ് വ്യാഖ്യാനങ്ങൾ, ദൃശ്യ അവതരണങ്ങൾ, കേസ് സ്റ്റഡികൾ, നൂതന സാങ്കേതിക ഉപകരണങ്ങൾ, നിയമ ആശയങ്ങളുടെ പ്രായോഗിക ഉപയോഗം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയാണ് പാഠ്യരീതികൾ. ആദ്യഘട്ടം ബഹ്റൈൻ ഡെഫ് സൊസൈറ്റിയിലെ അംഗങ്ങൾക്കായാണ് നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

