ജെ.ഇ.ഇ പ്രവേശന പരീക്ഷ
text_fieldsമനാമ : ഗൾഫ് മേഖലയിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കാരണം ജെ.ഇ.ഇ പ്രവേശന പരീക്ഷ എഴുതുൻ ബഹ്‌റൈനിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം ഇല്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉന്നത പഠനത്തിനായി ജെ.ഇ.ഇ പരീക്ഷ എഴുതുന്നതിനായി കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിമാന സർവീസുകൾ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയർന്ന യാത്രാക്കൂലിയുമാണ് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്.
ഈ പ്രത്യേക സാഹചര്യത്തിൽ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ നൂറുകണക്കിന് കുട്ടികളുടെ ഒരു വർഷം നഷ്ട്ടപ്പെടുകയും, അവരുടെ തയാറെടുപ്പുകൾ പാഴായി പോവുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാൻ അധികൃതരുടെ ഇടപെടൽ വേഗത്തിൽ ഉണ്ടാകണെമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറോട് ഇ മെയിൽ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചതായി ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
ഈ വിഷയത്തിൽ അടിയന്തര ഇടപെടലും പരിഹാരവും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രതിഭ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം- ഇൻഡക്സ് ബഹ്‌റൈൻ
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിക്കും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർക്കും സംഘടന കത്തയച്ചു
മനാമ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രവാസി വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശവും സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ച്, ജെ.ഇ.ഇ ഉൾപ്പെടെയുള്ള എൻട്രൻസ് പരീക്ഷകൾ ബഹ്‌റൈനിൽ തന്നെ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇൻഡക്സ് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിക്കും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർക്കും സംഘടന കത്തയച്ചു.
മേഖലയിലെ യാത്രാ നിയന്ത്രണങ്ങളും വിമാന ടിക്കറ്റ് നിരക്കിലുണ്ടായ അമിതമായ വർധനവും ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ, എൻട്രൻസ് പരീക്ഷകൾക്കായി നാട്ടിലേക്ക് പോകേണ്ടി വരുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന് ഇൻഡക്സ് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.
ജെ.ഇ.ഇ മെയിൻ, നീറ്റ് തുടങ്ങിയ ദേശീയതല എൻട്രൻസ് പരീക്ഷകൾക്ക് ബഹ്‌റൈനിൽ താൽക്കാലിക പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക എന്നതാണ് പ്രധാന ആവശ്യം. ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി നാട്ടിലെത്തി പരീക്ഷ എഴുതുക എന്നത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലപ്പുറമാണ്.
പരീക്ഷ സംബന്ധമായ സമ്മർദ്ദങ്ങൾക്കിടയിൽ യാത്രയും ക്വാറന്റൈൻ നടപടികളും കുട്ടികളുടെ പഠനത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
പ്രാദേശിക അധികൃതരുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങൾ ഇവിടെ തന്നെ സജ്ജമാക്കുകയാണെങ്കിൽ അത് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുമെന്ന് ഇൻഡക്സ് ബഹ്‌റൈൻ പ്രസിഡന്റ് റഫീക്ക് അബ്ദുല്ല വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

