പ്രവാസത്തിന്റെ നാലു പതിറ്റാണ്ട്: ബഹ്‌റൈനിലെ കലാരംഗത്ത് പ്രതിഭ തെളിയിച്ച് ജയ രവികുമാർ
text_fieldsമനാമ: നാലു പതിറ്റാണ്ടിലേറെയായി ബഹ്‌റൈൻ പ്രവാസലോകത്ത് കലാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി പ്രവാസികളുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ജയ രവികുമാർ. തൃശൂർ സ്വദേശിയായ രവികുമാറിന്റെ ജീവിതസഖിയായി 1985-ലാണ് ജയ ബഹ്‌റൈനിലേക്ക് എത്തുന്നത്. തുടർന്ന് പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലയെ നെഞ്ചോട് ചേർത്തുപിടിക്കാൻ ഇവർക്കായി.
2005-ൽ ഗുദൈബിയയിലെ പഴയ കേരളീയ സമാജം ഹാളിൽ സുജിത് കൊല്ലം സംവിധാനം ചെയ്ത 'ചിറകരിയുന്ന ശലഭങ്ങൾ' എന്ന നാടകത്തിലൂടെയാണ് ജയ ആദ്യമായി അരങ്ങിലെത്തുന്നത്. പിന്നീടിങ്ങോട്ട് നാടകവേദികളിൽ അഭിനയത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങൾ പകർന്നുനൽകാൻ അവർക്ക് കഴിഞ്ഞു. രാധാകൃഷ്ണൻ കൊടുങ്ങല്ലൂരിന്റെ 'കരിങ്കുരങ്ങ്', വിൻസെന്റ് കൊടുങ്ങല്ലൂരിന്റെ 'അമ്മത്തൊട്ടിൽ', പ്രകാശ് വടകരയുടെ 'ടിപ്പുവിന്റെ ആർച്ച', ബേബിക്കുട്ടൻ മാസ്റ്ററുടെ 'ചെമ്മീൻ', പപ്പൻ ചിരന്തനയുടെ 'വികടയോഗി', മോഹൻ രാജിന്റെ 'ഞാൻ' തുടങ്ങി അമ്പതോളം നാടകങ്ങളിൽ ചെറുതും വലുതുമായ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ജയ ജീവസ്സുറ്റതാക്കി. കൂടാതെ, ബഹ്‌റൈനിൽ ചിത്രീകരിച്ച ഒരു സിനിമയിലും അവർ വേഷമിട്ടിട്ടുണ്ട്.
ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച റേഡിയോ നാടക മത്സരത്തിൽ, ഹരീഷ് മേനോൻ സംവിധാനം ചെയ്ത 'ഏസ് വെൽ ഏസ്' എന്ന നാടകത്തിലെ മികവുറ്റ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡും ജയ കരസ്ഥമാക്കിയിട്ടുണ്ട്. കലാരംഗത്ത് മാത്രമല്ല, സാമൂഹിക-സംഘടനാ പ്രവർത്തനങ്ങളിലും ജയ മുൻപന്തിയിലുണ്ട്. ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈൻ എൻ.എസ്.എസ്. തുടങ്ങിയ പ്രമുഖ സംഘടനകളുടെ വനിതാ വിഭാഗങ്ങളിൽ പലതവണ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബഹ്‌റൈനിൽ സ്വന്തമായി കാർഗോ ക്ലിയറൻസ് കമ്പനി നടത്തുന്ന ഭർത്താവ് രവികുമാർ നിലവിൽ ബഹ്‌റൈൻ കേരളീയ സമാജത്തിലെ ജോയിന്റ് സെക്രട്ടറിയാണ്. മകൻ നിഖിൽ ഡൽഹിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മകൾ ദീപ്തി കുടുംബസമേതം ദുബൈയിലാണ്. ഇരുവരുടെയും ജനനവും സ്കൂൾ വിദ്യാഭ്യാസവുമെല്ലാം ബഹ്‌റൈനിലായിരുന്നു. ഇപ്പോഴും ജയയും ഭർത്താവും സമാജത്തിലെ സജീവ സാന്നിധ്യമായി മുന്നോട്ടുപോകുന്നു.
നാൽപ്പത് വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ബഹ്‌റൈൻ കൈവരിച്ച വലിയ വളർച്ചയ്ക്ക് നേരിട്ട് സാക്ഷിയാകാൻ സാധിച്ചതിന്റെ സന്തോഷവും ജയ പങ്കുവെച്ചു. പരിമിതമായ സംഘടനകളും വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങളും മാത്രമുണ്ടായിരുന്ന അന്നത്തെ പ്രവാസലോകത്തുനിന്ന്, ഇന്നൊരുപാട് മലയാളി കൂട്ടായ്മകളും സാംസ്കാരിക ആഘോഷങ്ങളും നിറഞ്ഞ വലിയൊരു സമൂഹമായി മാറിയത് കാണുമ്പോൾ ഏറെ അഭിമാനമുണ്ടെന്ന് ജയ രവികുമാർ കൂട്ടിച്ചേർത്തു.

