ബഹ്‌റൈനിൽ രാജകീയ ശവകുടീരവും പുരാതന അവശിഷ്ടങ്ങളും കണ്ടെത്തി; ചരിത്ര നേട്ടവുമായി ജാപ്പനീസ് ഗവേഷകർ
text_fieldsജാപ്പനീസ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയ വസ്തുക്കൾ
മനാമ: ബഹ്‌റൈനിലെ ആലി വെസ്റ്റ് ശ്മശാന കുന്നുകളിൽ നിന്ന് ദിൽമുൻ നാഗരികതയിലെ ഏറ്റവും പഴക്കമേറിയ രാജകീയ ശവകുടീരം കണ്ടെത്തിയതായി ജാപ്പനീസ് പുരാവസ്തു ഗവേഷകർ. ടോക്കിയോയിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ പ്രോപ്പർട്ടീസിലെ ഡോ. മസാഷി ആബെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ. അടുത്തിടെ സമാപിച്ച ഖനന സീസണിലാണ് ഏകദേശം നാല് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഈ ശവകുടീരം കണ്ടെത്തിയത്. ദിൽമുൻ നാഗരികതയിലെ ഏറ്റവും പഴക്കമേറിയ രാജകീയ ശവകുടീരമാണിതെന്ന് ജാപ്പനീസ് ഔദ്യോഗിക വാർത്താ ചാനലായ എൻഎച്ച്കെയും റിപ്പോർട്ട് ചെയ്തു.
മധ്യഭാഗത്ത് എച്ച് ആകൃതിയിൽ അടുക്കിവെച്ച കല്ലുകളും, പുറത്തുനിന്ന് മധ്യഭാഗത്തേക്ക് നയിക്കുന്ന 60 സെൻ്റീമീറ്റർ വീതിയുള്ള ഒരു വഴിയും അടങ്ങുന്നതാണ് ഈ ശവകുടീരത്തിൻ്റെ ഘടന. ശവകുടീരത്തിനുള്ളിൽ നിന്ന് ഒരു രാജാവിൻ്റേതെന്ന് കരുതപ്പെടുന്ന തുടയെല്ല് ഉൾപ്പെടെയുള്ള നിരവധി അസ്ഥികളും, മൺപാത്രങ്ങൾ, കക്കകൾ, വെങ്കല വസ്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള ധാരാളം പുരാവസ്തുക്കളും ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. നിലവിൽ കണ്ടെടുത്ത അസ്ഥികളുടെ ഡി.എൻ.എ പരിശോധന നടത്തിവരികയാണെന്ന് ഡോ. മസാഷി ആബെ വ്യക്തമാക്കി.
എഴുപത്തിയഞ്ചിലധികം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ഖനനം ആരംഭിച്ചിട്ടുണ്ടെങ്കിലും ദിൽമുൻ നാഗരികതയെക്കുറിച്ച് ഇപ്പോഴും പല രഹസ്യങ്ങളും ബാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഡി.എൻ.എ വിശകലനത്തിലൂടെ അന്നത്തെ ദിൽമുൻ രാജാവിൻ്റെ ചർമ്മം, കണ്ണ്, മുടിയുടെ നിറം എന്നിവയും ഈ ജനവിഭാഗം എവിടെ നിന്നാണ് വന്നതെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും ഇത് വളരെ ചരിത്രപ്രാധാന്യമുള്ള കണ്ടെത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഫെബ്രുവരിയിൽ, ആദ്യകാല ദിൽമുൻ കാലഘട്ടത്തിലെ എഴുന്നൂറിലധികം ശ്മശാന കുന്നുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തെ തങ്ങളുടെ കണ്ടെത്തലുകൾ ജാപ്പനീസ് സംഘം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. കൂടാതെ മഖാബയിലെ ടൈലോസ് കാലഘട്ടത്തിലെ ശവകുടീരത്തിൽ നിന്ന് ഇരുമ്പ് നിർമ്മിതമായ ഒരു ചെറിയ വാളും അരിവാളും മറ്റൊരു ജാപ്പനീസ് സംഘം കണ്ടെത്തിയിരുന്നു. ടൈലോസ് ശവകുടീരത്തിൽ നിന്ന് ഇത്തരമൊരു ആയുധം കണ്ടെത്തുന്നത് ആദ്യമായാണെന്ന് നാര ആർക്കിയോളജിക്കൽ മിഷൻ നേതാവ് ഡോ. കിയോഹൈഡ് സൈതോ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ഖനന പ്രവർത്തനങ്ങൾ പൂർത്തിയായി ആഴ്ചകൾക്കുള്ളിൽ മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം ആരംഭിക്കുകയും ബഹ്‌റൈന് നേരെ ഇറാൻ്റെ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തത് ഈ ഗവേഷണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നതായി ഡോ. ആബെ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സമ്പന്നമായ പുരാവസ്തു സൈറ്റുകളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിൽ ടോക്കിയോയിൽ തിരിച്ചെത്തിയ ജാപ്പനീസ് സംഘം വരും ദിവസങ്ങളിൽ നടക്കുന്ന കോൺഫറൻസിൽ ഈ കണ്ടെത്തലുകളുടെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

