ഐ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സ്വാതന്ത്ര്യദിനത്തിൽ
text_fieldsമനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 50ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ്. പൊതുസമൂഹത്തിന് ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ, ദന്തചികിത്സ, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.
പ്രമുഖ ഡോക്ടർമാരായ ഡോ. നൗഷർ എം. ലബീബ് (ജനറൽ പ്രാക്ടീഷണർ), ഡോ. പ്രിയ ഷെട്ടി (ഇ.എൻ.ടി), ഡോ. ജയ്സ് ജോയ് (ഡെന്റൽ), ഡോ. ആരൂജ് മുഷ്താഖ് (ജനറൽ പ്രാക്ടീഷണർ) എന്നിവർ ക്യാമ്പിൽ സേവനമനുഷ്ഠിക്കും. പങ്കെടുക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, യൂറിക് ആസിഡ്, കരളിന്റെ പ്രവർത്തനം, രക്തസമ്മർദം, ബി.എം.ഐ തുടങ്ങിയവ സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യമുണ്ടാകും. കൂടാതെ, ഡോക്ടർമാരുമായി നേരിട്ട് കൺസൾട്ടേഷനുകളും നടത്താം. ഡെന്റൽ ലോയൽറ്റി കാർഡും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ക്യാമ്പ് കോഓഡിനേറ്റർമാരായ മനോജ് അപ്പുക്കുട്ടൻ 39095100, രാജേഷ് പന്മന 38808361 എന്നിവരുമായി ബന്ധപ്പെടാമെന്ന് ഏരിയ പ്രസിഡന്റ് റോബിൻ കോശി, ജനറൽ സെക്രട്ടറി നിധിൻ ചെറിയാൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

