ചൂടുകാലമാണ്, വൈദ്യുതി അപകടവും തീയും വില്ലനാവാം
text_fieldsമനാമ: വേനൽചൂട് ഉയരുന്നതിനൊപ്പം ദിനേനയെന്നോണം തീപിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളും വർധിക്കുകയാണ്. ബഹ്റൈനിൽ പലയിടത്തായി ഒറ്റക്കും കൂട്ടമായും കുടുംബവുമായുമൊക്കെ ഒരുപാട് പ്രവാസികൾ താമസിക്കുന്നുണ്ട്.
തീപിടിത്തമുണ്ടാക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നമ്മുടെയൊക്കെ താമസ്ഥലങ്ങളിൽ തന്നെ മറഞ്ഞിരിപ്പുണ്ട്. ചൂടിനൊപ്പം വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ തീപിടിത്തങ്ങളുടെ സാധ്യതയും ഉയരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ജാഗ്രതാ നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വൈദ്യുതിയുടെ അമിത ഉപയോഗം ഒഴിവാക്കുക: ഒരേ സോക്കറ്റിൽ നിന്ന് ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് അമിതഭാരത്തിന് കാരണമാകും. ഇതുമൂലം വയറുകൾ ചൂടാകാനും തീപിടിത്തത്തിനും സാധ്യതയുണ്ട്.
- കേടായ സോക്കറ്റുകൾ ശ്രദ്ധിക്കുക: അയഞ്ഞതോ പൊട്ടിയതോ കരിഞ്ഞ പാടുകളുള്ളതോ ആയ സോക്കറ്റുകൾ ഉടനടി മാറ്റുക. ഇവ വൈദ്യുതാഘാതത്തിനും തീപിടിത്തത്തിനും സാധ്യത വർധിപ്പിക്കും.
- ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക: ഉപയോഗത്തിലില്ലാത്തപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് ഊരിയിടുകയും ചെയ്യുക വളരെ പ്രധാനമാണ്. ഇത് ഊർജം ലാഭിക്കുന്നതിനും അപകടസാധ്യത കുറക്കുന്നതിനും സഹായിക്കും.
- വ്യാജ ഉൽപന്നങ്ങൾ ഒഴിവാക്കുക: നിലവാരമില്ലാത്ത ചാർജറുകൾ, എക്സ്റ്റൻഷൻ ബോർഡുകൾ, മറ്റ് ഇലക്ട്രോണിക് ആക്സസറികൾ എന്നിവ ഒഴിവാക്കുക. അംഗീകൃതവും സുരക്ഷിതവുമായ ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുക.
- പരിപാലനം ഉറപ്പാക്കുക: ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായി വൃത്തിയാക്കുകയും പൊടി അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുക. ഉപകരണങ്ങളുടെ വെൻറിലേഷൻ തടസ്സപ്പെടാതെ നോക്കുക. അതോടൊപ്പം, എ.സി സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും ഫിൽറ്ററുകളും ഫാനുകളും നിർബന്ധമായും ശുചീകരിക്കുകയും വേണം. ഈ ലളിതമായ മുൻകരുതലുകളിലൂടെ വേനൽക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട തീപിടിത്തസാധ്യതകൾ കുറക്കാനും സുരക്ഷിതമായിരിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

