അത്തറിൻ മണമുള്ള പെരുന്നാൾ
text_fieldsവർഷങ്ങൾക്കു മുമ്പ് ആലിപ്പറമ്പ് എന്ന എെൻറ ഗ്രാമത്തിൽ തലച്ചുമടായി പച്ചക്കറികൾ വീട് തോറും വിൽപന നടത്തിയിരുന്ന അവറാക്ക ഉണ്ടായിരുന്നു. അദ്ദേഹത്തിെൻറ യഥാർഥ പേരോ വീട്ടുപേരോ എനിക്കറിയില്ല. മുത്തശ്ശനടക്കം എല്ലാവരും അവറാക്ക എന്നാണ് വിളിച്ചിരുന്നത്. മിക്കവാറും എല്ലാ ആഴ്ചകളിലും അവറാക്ക തറവാട്ടിൽ വരാറുണ്ട്. കൃത്യമായ ദിവസം ഒന്നുമില്ല. അന്നന്ന് കിട്ടുന്ന പച്ചക്കറികളുമായി പടിപ്പുര കടന്നു വരുമ്പോഴേക്കും ഞാൻ സ്കൂളിൽ നിന്നും എത്തിയിട്ടുണ്ടാകും. അന്നൊക്കെ ഷിഫ്റ്റ് സമ്പ്രദായമായതു കൊണ്ട് ഉച്ചവരെയെ ക്ലാസ് ഉണ്ടാവൂ. ആ കുട്ടയിലെ പച്ചക്കറികൾക്ക് പ്രത്യേക മണമായിരുന്നു. കൃത്രിമ വളങ്ങൾ ചേർക്കാത്ത നാടൻ വെണ്ടയുടെയും കൈപ്പക്കയുടെയും ചൊക ചൊക ചുവപ്പുള്ള ചീരയുടെയും മണം. തലയിലെ കുട്ട പടിയിലേക്ക് ഇറക്കി വെക്കുന്നതിനിടെ അവറാക്ക വിളിച്ചു പറയും,'കുട്ട്യേ കൊറച്ചു വെള്ളം'.
മുത്തശ്ശനോട് നാട്ടുവർത്തമാനങ്ങൾ പറഞ്ഞുകൊണ്ടുതന്നെ കൈയിലുള്ള ത്രാസിൽ ഞങ്ങൾക്കാവശ്യമുള്ളവ തൂക്കി മാറ്റിവെക്കും. ഒരു പിടി വെണ്ടക്കയോ കൂർക്കയോ ഒക്കെ സ്നേഹത്തിൽ പൊതിഞ്ഞു നിറഞ്ഞ ചിരിയോടെ 'ഇത് അവറാക്കാെൻറ വക'എന്ന് പറഞ്ഞു എനിക്ക് തരാനും അദ്ദേഹം മടികാണിച്ചിരുന്നില്ല.
കുട്ട ഇറക്കുമ്പോഴേക്കും വെള്ളം ചോദിക്കുന്ന അവറാക്ക പിന്നീടെപ്പോഴെക്കെയോ അത് ചോദിക്കാതെ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ഉച്ചവെയിലിൽ നടന്നു ക്ഷീണിച്ച ആ പാവത്തിന് ഒരു ഗ്ലാസ് മോരും വെള്ളവുമായി ഉമ്മറത്തേക്ക് പോയ ഞാൻ മുത്തശ്ശെൻറ 'വേണ്ട'എന്ന വിലക്കിനു മുന്നിൽ കാര്യമെന്തെന്നറിയാതെ അന്തം വിട്ടു നിന്നു. അമ്പരപ്പോടെ രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ട് നിന്ന എന്നോട് അവറാക്ക സ്നേഹത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു,'നോമ്പാണ് കുട്ട്യേ, അതോണ്ടാ മുത്തശ്ശൻ വെള്ളം വേണ്ടാന്ന് പറഞ്ഞതെ. ഇനി വൈകുന്നേരമാകുമ്പോഴേ വല്ലതും കഴിക്കൂ.'അതും പറഞ്ഞു കുട്ടയുമെടുത്തു നടന്നു പോകുന്ന അവറാക്ക എനിക്കൊരു അത്ഭുതമായിരുന്നു.
ചിലപ്പോഴൊക്കെ പളപള മിന്നുന്ന സിൽക്ക് തുണികളും അവറാക്ക കൊണ്ടുവരുമായിരുന്നു. അധികമൊന്നും ഉണ്ടാവില്ലെങ്കിലും നല്ല അത്തറ് മണമുള്ള മിനുസമുള്ള പാവാട തുണികൾ. 'കുട്ടിക്ക് പാവാട തുന്നാം, ഇങ്ങളിതെടുത്തോളീ മേൻനെ, അയിനിപ്പോ കാശൊന്നും വേണ്ട, ഞാൻ കുട്ടിക്ക് കൊണ്ടോന്നതെന്നു കരുതിയാ മതി.'മുത്തശ്ശൻ നിർബന്ധിച്ചാലും അവറാക്ക തുണിയുടെ കാശ് വാങ്ങാൻ കൂട്ടാക്കാറില്ല.
തിളങ്ങുന്ന ആ തുണികൾ കൊണ്ട് പാവാടയിട്ട് സ്കൂളിൽ പോകാൻ വല്ലാത്ത ഉത്സാഹമായിരുന്നു. എല്ലാ ആഴ്ചയിലും മുടങ്ങാതെ പച്ചക്കറി കൊണ്ട് വരുന്ന അവറാക്ക പക്ഷെ തുണികൾ കൊണ്ടുവരുന്നത് വളരെ വിരളമായിട്ടാണ്. അതും വർഷത്തിൽ ഒരു പ്രാവശ്യമോ ചിലപ്പോൾ രണ്ടു തവണയോ മാത്രം. പടികടന്നു വരുന്ന അവറാക്കയുടെ കുട്ടയിലെ പച്ചക്കറിയേക്കാളും എനിക്ക് വേണ്ടത് തിളങ്ങുന്ന പാവാടത്തുണികളായിരുന്നു. ഓരോ ആഴ്ച കാത്തിരിക്കുമ്പോഴും നിരാശയായിരുന്നു ഫലം. അവസാനം പേടിച്ചിട്ടാണെങ്കിലും മുത്തശ്ശനോട് അതെ പറ്റി ചോദിച്ചു. 'അത് പെരുന്നാളായത് കൊണ്ട് തന്നതാണ്'. കൂടുതൽ ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് ആ സംഭാഷണം അവിടെ അവസാനിച്ചു.
എല്ലാ ആഴ്ചയും പെരുന്നാൾ ആയിരുന്നെങ്കിൽ എന്ന് എെൻറ കുഞ്ഞു മനസ്സ് വല്ലാതെ ആഗ്രഹിച്ചിരുന്നു. റോസ് കളറിൽ നീല പൂക്കളുള്ള, മിനുസമുള്ള പാവാട എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. കുട്ടിയായിരിക്കുമ്പോൾ പെരുന്നാൾ എനിക്ക് അത്തറിെൻറ മണമുള്ള നനുത്ത തുണികളായിരുന്നു. പിന്നീടാണ് റമദാൻ മാസം വ്രതാനുഷ്ഠാനങ്ങളുടെയും പ്രാർഥനയുടെയും സഹവർത്തിത്വത്തിെൻറയും നാളുകളാണെന്നു മനസ്സിലാക്കിയത്.
സ്നേഹത്തിെൻറയും കാരുണ്യത്തിെൻറയും പ്രതിരൂപമായിരുന്ന അവറാക്കയെ പോലെയുള്ളവർ ഈ ലോകത്തെ സുന്ദരമാക്കും. ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ, ഉയർന്നവനെന്നോ താഴ്ന്നവനെന്നോ വേർതിരിവില്ലാതെ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവർക്കുമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

