മോനിച്ചനും കുടുംബത്തിനും ആശ്വാസ ഭവനമായി
text_fieldsകെ.ജി. ബാബുരാജൻ, വീടിെൻറ താക്കോൽ മന്ത്രി ജി. സുധാകരൻ കൈമാറുന്നു
പ്രവാസി വ്യവസായി കെ.ജി. ബാബുരാജെൻറ സഹായത്തോടെ നിർമിച്ച വീട് മന്ത്രി ജി. സുധാകരൻ കൈമാറിമനാമ: മോനിച്ചനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള നല്ല വീട്ടിൽ സമാധാനത്തോടെ കഴിയാം. ബഹ്റൈനിലെ പ്രമുഖ പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ സഹായവുമായെത്തിയപ്പോൾ പൂവണിഞ്ഞത് പാവപ്പെട്ട ഇൗ കുടംബത്തിെൻറ സ്വപ്നങ്ങളാണ്. മന്ത്രി ജി. സുധാകരെൻറ ഇടപെടലും കുടുംബത്തിെൻറ രക്ഷക്കെത്തി. നിർമാണം പൂർത്തിയാക്കിയ വീട് കഴിഞ്ഞദിവസം മന്ത്രി കുടുംബത്തിന് കൈമാറി.
ആലപ്പുഴ ജില്ലയിലെ പുന്നപ്ര തെക്കുപഞ്ചായത്ത് അഞ്ചാം വാർഡ് കരിമ്പാവളവ് സ്വദേശിയായ മോനിച്ചൻ സ്വന്തമായി ഒരു വീടില്ലാത്തതിെൻറ പ്രയാസത്തിലായിരുന്നു. വീടു നിർമാണത്തിനുള്ള തുകയിൽ അധികവും ഭാര്യയുടെ ചികിത്സക്കും മക്കളുടെ പഠനത്തിനുമായി ഉപയോഗിച്ചതിനാൽ പണി തുടങ്ങിയ വീട് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയാണ് താമസിച്ചിരുന്നത്.
കോവിഡ്കാലത്ത് ഒാൺലൈൻ പഠനമായപ്പോൾ മോനിച്ചെൻറ മക്കൾ വിഷമത്തിലായി. 2019ലെ പ്രളയത്തിൽ വീട്ടിലെ ടി.വി നഷ്ടപ്പെട്ടിരുന്നു. ഇൻറർനെറ്റ് സംവിധാനമുള്ള ഫോണും വീട്ടിലുണ്ടായിരുന്നില്ല. പുന്നപ്ര അറവുകാട് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ മകൾ അതുല്യ ഒാൺലൈൻ പഠനത്തിന് വഴിയില്ലാതെ വിഷമിക്കുന്ന വിവരം കഴിഞ്ഞവർഷം ജൂണിൽ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ടാണ് കെ.ജി. ബാബുരാജൻ കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചത്.
വാർത്ത വന്ന് ഏതാനും ദിവസത്തിനുള്ളിൽ മന്ത്രി ജി. സുധാകരനും ബാബുരാജനെ വിളിച്ച് മോനിച്ചെൻറ വീട് നിർമാണത്തിന് സഹായം ചോദിച്ചു. കോവിഡ് കാലത്തും മറ്റ് സമയങ്ങളിലും നിരവധി പേർക്ക് തുണയായ കെ.ജി. ബാബുരാജൻ സന്തോഷപൂർവം ഇൗ അഭ്യർഥന സ്വീകരിച്ച് വീട് നിർമാണത്തിന് 6.2 ലക്ഷം രൂപ നൽകി.
മൂന്ന് മുറികളുള്ള മനോഹരമായ വീടാണ് മോനിച്ചനും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിനായി നിർമിച്ചത്. വീട് മോനിച്ചെൻറ കുടുംബത്തിന് കൈമാറിയ വിവരം മന്ത്രി തെൻറ ഫേസ്ബുക്ക് പേജിലൂടെയും പങ്കുവെച്ചു.
അമ്പലപ്പുഴ മണ്ഡലത്തിൽ പുന്നപ്ര പഞ്ചായത്തിൽ മാത്രം ജി. സുധാകരെൻറ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ ബാബുരാജൻ നിർമ്മിച്ചുനൽകിയ നാലാമത്തെ വീടാണ് മോനിച്ചേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

