മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് രണ്ടു മാസം; പ്രതീക്ഷ വറ്റാത്ത കാത്തിരിപ്പിൽ കുടുംബം
text_fieldsമനാമ: മുഹറഖ് തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായ ഇന്ത്യൻ മത്സ്യതൊഴിലാളികളെക്കുറിച്ച് രണ്ടു മാസമായിട്ടും വിവരം ലഭിക്കാത്തതിൽ ആധിയോടെ ഇരുവരുടേയും കുടുംബങ്ങൾ. കന്യാകുമാരി കൽക്കുളം താലൂക്കിൽ കടിയപട്ടണം സ്വദേശികളായ സഹായ സെൽസോ (37), ആന്റണി വിൻസെന്റ് ജോർജ് (35) എന്നിവരെയാണ് കടലിൽ കാണാതായത്. ഒക്ടോബർ 17നാണ് മുഹറഖിൽനിന്ന് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
സാധാരണഗതിയിൽ മീൻപിടിത്തം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ തിരിച്ചെത്തേണ്ടതാണ്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇരുവരും മടങ്ങിവരാതിരുന്നതോടെയാണ് സുഹൃത്തുക്കൾക്കിടയിൽ ആശങ്ക
പരന്നത്.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റുമായ പൊഴിയുർ ഷാജിയുടെ നേതൃത്വത്തിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി നിരവധി വാതിലുകളിൽ മുട്ടിയെങ്കിലും ഫലമുണ്ടായിട്ടില്ല. സ്പോൺസറായ താരിഖ് അൽമജീദ് കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചിരുന്നെങ്കിലും അവിടെ നിന്നും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലും ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
എവിടെ പോയി ബോട്ട് ? ഉത്തരത്തിനായി കാത്തിരിപ്പ് നീളുന്നു
ഒരു ബോട്ടിന്റെ തകർന്ന ഭാഗങ്ങൾ കടലിൽ ഒഴുകുന്നത് കണ്ടതായി ഇറാനിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഇന്ത്യൻ മത്സ്യതൊഴിലാളികളിൽനിന്ന് വിവരം ലഭിച്ചിരുന്നതായി പൊഴിയൂർ ഷാജി പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാണാതായ മത്സ്യത്തൊഴിലാളികൾ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ കോസ്റ്റ് ഗാർഡിെന്റയോ കടൽക്കൊള്ളക്കാരുടെയോ പിടിയിലായതാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസമായിട്ടും ഉറ്റവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ കണ്ണീരുമായി കഴിയുകയാണ് നാട്ടിലെ ബന്ധുക്കൾ. എല്ലാ ദിവസവും ഇവർ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരെയും സുഹൃത്തുക്കളെയും പ്രതീക്ഷയോടെ ബന്ധപ്പെടാറുണ്ടെങ്കിലും പ്രതീക്ഷ നൽകുന്ന വാർത്തകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പത്തു വർഷത്തിലേറെയായി ഇരുവരും ബഹ്റൈനിൽ ജോലിചെയ്യുകയാണ്. കാണാതാകുന്നതിന് മൂന്നു മാസം മുമ്പാണ് ആന്റണി വിൻസെന്റ് ജോർജ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് ഇദ്ദേഹത്തിന് നാട്ടിലുള്ളത്. ഒന്നര വർഷം മുമ്പാണ് സഹായ സെൽസോ ഒടുവിൽ നാട്ടിൽ പോയത്. ഭാര്യയും രണ്ടു പെൺമക്കളും അച്ഛനും അമ്മയുമാണ് സഹായ സെൽസോയുടെ വീട്ടിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.