അനശ്വര ശബ്ദം നിലച്ചിട്ട് 43 വർഷം; ‘റഫി നൈറ്റു’മായി ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ
text_fieldsമുഹമ്മദ് റഫി
മനാമ: ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന മാസ്മരിക ശബ്ദത്തിനുടമയായ മുഹമ്മദ് റഫി അന്തരിച്ചിട്ട് 43 വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങൾകൊണ്ട് അന്ത്യാഞ്ജലി ഒരുക്കുകയാണ് ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് സെഗയ്യ, കെ.സി.എ ഹാളിലാണ് ‘റഫി നൈറ്റ്’ സംഘടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ആലപിച്ച അനശ്വരഗാനങ്ങളെ പ്രഗത്ഭരായ ഗായകരാണ് തങ്ങളുടെ വേറിട്ട ആലാപനത്തിലൂടെ സമ്പന്നമാക്കുക. അമൃത്സറിനടുത്ത് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ കോല്‍ത്താ സുല്‍ത്താന്‍സിങ് ഗ്രാമത്തില്‍ 1924 ഡിസംബര്‍ 24നായിരുന്നു റഫിയുടെ ജനനം. 1941ല്‍ ശ്യാം സുന്ദറിന്റെ ഗുല്‍ബലോച്ച് എന്ന പഞ്ചാബി സിനിമയിലാണ് ആദ്യമായി പാടിയത്.
പതിനേഴാം വയസ്സിലായിരുന്നു ഇത്. 1942ല്‍ മുംബൈക്ക് വണ്ടികയറിയ റഫിക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നൗഷാദിന്റെ സംഗീതത്തിൽ ദുലാരി എന്ന ചിത്രത്തിലെ ‘സുഹാനി രാത് ഡൽജുക്കി, ബൈജു ബാവ് രയിലെ ‘ഓ ദുനിയാ കേ രഖ് വാലേ’ എന്നീ ഗാനങ്ങളിലൂടെയായിരുന്നു അദ്ദേഹം ആസ്വാദകലക്ഷങ്ങളുടെ ഹൃദയങ്ങളിൽ കുടിപാർപ്പ് തുടങ്ങിയത്.
‘തളിരിട്ടക്കിനാക്കൾ’ എന്ന മലയാള സിനിമയിൽ ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ ‘ശബാബ് ലേകേ’ എന്ന ഒരു ഹിന്ദിഗാനം റഫി പാടിയിട്ടുണ്ട്.ലക്ഷ്മികാന്ത്-പ്യാരേലാലിന്റെ സംഗീതസംവിധാനത്തില്‍ പാടിയ ‘തൂ കഹി ആസ് പാസ് ഹെ ദോസ്ത്... (ആസ്പാസ്-1980) ആണ് റഫിയുടെ അവസാന ഗാനം.
സംഗീതലോകത്തെ അതുല്യ പ്രതിഭക്ക് സ്മരണാഞ്ജലിയായി സംഘടിപ്പിക്കുന്ന ‘റഫിനൈറ്റ്’ ആസ്വദിക്കാൻ മുഴുവൻ സംഗീതപ്രേമികളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.