ഖത്തറിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം; ഹമദ് രാജാവും യു.എ.ഇ പ്രസിഡന്റും ബഹ്റൈനിൽ കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ഖത്തറിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ബഹ്റൈനും യു.എ.ഇയും. ബഹ്റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ബഹ്റൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും ഈ വിഷയം ചർച്ച ചെയ്തത്.
ഖത്തറിന്റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും നേരെയുണ്ടായ ഈ ആക്രമണത്തെ ഇരുനേതാക്കളും ശക്തമായി അപലപിച്ചു.ഖത്തറിന്റെ സുരക്ഷ, പരമാധികാരം, അവിടത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ഇരുരാജ്യങ്ങളും പൂർണ പിന്തുണ അറിയിച്ചു.
മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് സംഘർഷങ്ങൾ ലഘൂകരിക്കാനും അവർ ആഹ്വാനം ചെയ്തു. ഫലസ്തീൻ വിഷയവും ചർച്ചയിൽ പ്രധാന വിഷയമായി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ ഇരുനേതാക്കളും ആവർത്തിച്ചു. ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും സ്ഥിരത കൈവരിക്കാനുള്ള ഏക മാർഗമെന്നും അവർ ഊന്നിപ്പറഞ്ഞു.യു.എ.ഇ പ്രസിഡന്റിന്റെ ബഹ്റൈൻ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് സാഖിർ കൊട്ടാരത്തിലാിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

