ഇസ്രായേൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഇസ്രായേൽ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം
മനാമ: ബഹ്റൈനിലെ ഇസ്രായേൽ എംബസിയുടെ ആഭിമുഖ്യത്തിൽ ഇസ്രായേൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജി.സി.സി രാജ്യങ്ങളിൽ ആദ്യമായാണ് ഇസ്രായേൽ ഈ ആഘോഷം നടത്തുന്നത്. അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ വികസിച്ച അടുത്ത ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഇസ്രായേലി നടനും ഗായകനുമായ സാഹി ഹലേവിയും പ്രശസ്ത ഷെഫ് ഡോറൺ സാസണും പങ്കെടുത്തു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ബാൻഡ് ഇസ്രായേലി, ബഹ്റൈൻ ദേശീയ ഗാനങ്ങൾ ആലപിച്ചു.
മനാമ വിൻധം ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇസ്രായേലിലെ ഓയിൽ, ഗ്യാസ്, സൈബർ, മാനുഫാക്ചറിങ്, ഫിൻടെക്, ഹൈടെക്, ഫാർമസ്യൂട്ടിക്കൽ/ബയോടെക്, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രമുഖ കമ്പനികളുടെ മേധാവികൾ പങ്കെടുത്തു. ബഹ്റൈനിലെ മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും സന്നിഹിതരായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിലെ അവസരങ്ങളെക്കുറിച്ച് പരിപാടിയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. അടുത്ത വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ നിക്ഷേപങ്ങളും സംയുക്ത സംരംഭങ്ങളും വൻതോതിൽ ഉയരുമെന്ന് ഇസ്രായേൽ അംബാസഡർ എയ്റ്റൻ നാഇഹ് പറഞ്ഞു.
2021 സെപ്റ്റംബറിലാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ് മനാമയിൽ എംബസി തുറന്നത്. നവംബറിൽ ഇസ്രായേലിന്റെ ആദ്യത്തെ അംബാസഡറായ എയ്റ്റൻ നാഇഹ് എത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

