ഇസ്രായേൽ- ഇറാൻ സംഘർഷം; അടിയന്തര ചർച്ചകൾക്ക് വഴിയൊരുക്കണം ആവശ്യവുമായി കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും
text_fieldsകിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും കൂടിക്കാഴ്ചക്കിടെ
മനാമ: ഇസ്രായേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്നും അതിനുള്ള അടിയന്തര ചർച്ചകൾക്ക് വഴിയൊരുക്കണമെന്ന ആവശ്യവുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും. യു.കെയിലെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇരുവരും നിലപാട് അറിയിച്ചത്. കൂടാതെ, ഗസ്സയിലെ അടിയന്തര വെടിനിർത്തൽ, മാനുഷിക സഹായം ലഭ്യമാക്കൽ, ബന്ദികളെ മോചിപ്പിക്കൽ എന്നിവക്കുള്ള ആഹ്വാനങ്ങളും ഇരുവരും അറിയിച്ചു. കിരീടാവകാശിയുടെ ഔദ്യോഗിക യു.കെ സന്ദർശന വേളയിലായിരുന്നു കൂടിക്കാഴ്ച. ബഹ്റൈൻ-യു.കെ തമ്മിലുള്ള ദൃഢതയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമന്റെയും ബന്ധങ്ങളും കെയർ സ്റ്റാർമർ എടുത്തുപറഞ്ഞു. പ്രധാന മേഖലയിലുടനീളമുള്ള അടുത്ത സഹകരണം, തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി കരാറുകൾ എന്നിവയിലൂടെ ബഹ്റൈൻ-യു.കെ ബന്ധം കൂടുതൽ ശക്തി പ്രാപിക്കുകയാണെന്ന് കിരീടാവകാശിയും പറഞ്ഞു. ബഹ്റൈന്റെയും അമേരിക്കയുടെയും ക്ഷണത്തെത്തുടർന്ന് സമഗ്ര സുരക്ഷാ സംയോജന, സമൃദ്ധി കരാറിൽ (സി-എസ്.ഐ.പി.എ) യു.കെ അംഗത്വം നേടുന്നതിനെ കിരീടാവകാശി സ്വാഗതം ചെയ്തു.
തുടർന്ന് സുരക്ഷ, സമൃദ്ധി, സഹകരണം എന്നീ മേഖലകളിൽ ഇരുവരും കൂടുതൽ ചർച്ച ചെയ്യുകയും ചെയ്തു. ഉഭയകക്ഷി സഹകരണം വിശാലമാക്കുന്നതിനുള്ള വഴികൾ, പരസ്പര താൽപര്യമുള്ള കാര്യങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു. ജി.സി.സി-യു.കെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. 2026-27ലെ യുഎൻ സുരക്ഷാ കൗൺസിലിലേക്കുള്ള ബഹ്റൈന്റെ താൽക്കാലിക അംഗത്വത്തെ പ്രശംസിച്ച യു.കെ പ്രധാനമന്ത്രിയുടെ വാക്കുകളെ കിരീടാവകാശി സ്വാഗതം ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇരുവരുടെയും സാന്നിധ്യത്തിൽ രണ്ട് പ്രധാന കരാറുകളിൽ ബഹ്റൈനും-യു.കെയും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

