ഐ.എസ്.ബി @75 ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചെസ് ചാമ്പ്യൻഷിപ്പ്
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഐ.എസ്.ബി @75 ചെസ് ചാമ്പ്യൻഷിപ്പിനു തുടക്കം. ബഹ്റൈൻ ചെസ് ഫെഡറേഷന്റെ രക്ഷാധികാരത്തിലും അർജുന്റെ ചെസ് അക്കാദമിയുമായി സഹകരിച്ചും സംഘടിപ്പിക്കുന്ന ഈ രണ്ട് ദിവസത്തെ മത്സര പരിപാടി ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. ഏകദേശം 250 മത്സരാർഥികളും 60 സ്കൂൾ ടീമുകളും രജിസ്റ്റർ ചെയ്തിട്ടുള്ള ടൂർണമെന്റ് രാജ്യത്തെ ഏറ്റവും വലിയ ചെസ് ടൂർണമെന്റുകളിൽ ഒന്നായിരിക്കും. ഇന്നലെ വൈകീട്ട് 7:00 മുതൽ രാത്രി 8:30 വരെ നടന്ന സൗജന്യ ചെസ് ശിൽപശാലയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
അർജുൻസ് ചെസ് അക്കാദമിയിലെ വിദഗ്ധ പരിശീലകർ നയിക്കുന്ന ഈ ശിൽപശാല കളിയുടെ വൈജ്ഞാനിക നേട്ടങ്ങൾ, ചെസ് പഠനം പരിപോഷിപ്പിക്കുന്നതിനുള്ള പ്രായോഗിക അറിവുകൾ എന്നിവയെക്കുറിച്ചുള്ള ആകർഷകമായ ആമുഖം നൽകും. തുടക്കക്കാർക്കും പരിചയസമ്പന്നരായ കളിക്കാർക്കും ഒരുപോലെ ഈ സെഷൻ ഉപകാരപ്പെടും. ഇന്ന് രാവിലെ ഒമ്പതു മുതൽ ഇന്റർസ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പോടെയാണ് പരിപാടിയുടെ മത്സര വിഭാഗം ആരംഭിക്കുന്നത്. 12 വയസ്സിനും 19 വയസ്സിനും താഴെയുള്ള രണ്ട് വിഭാഗങ്ങളിലായി സ്കൂൾ വിദ്യാർഥികൾ മത്സരിക്കും. സ്വിസ് ലീഗ് ഫോർമാറ്റിൽ ഫിഡെ റാപ്പിഡ് നിയമങ്ങൾക്കനുസൃതമായാണ് ചാമ്പ്യൻഷിപ് നടക്കുക.
ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് ടീമുകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. വൈകീട്ട് മൂന്നിന് ഓപൺ റാപ്പിഡ് ചെസ് ടൂർണമെന്റ് ആരംഭിക്കും. എല്ലാ പ്രായത്തിലുമുള്ള കളിക്കാർക്കായി പരിപാടിയിൽ ഏഴ് റൗണ്ടുകൾ ഉണ്ടായിരിക്കും, ഓരോ നീക്കത്തിനും 10 മിനിറ്റും മൂന്നു സെക്കൻഡും സമയ നിയന്ത്രണമുണ്ട്. മികച്ച 10 കളിക്കാർക്ക് പ്രത്യേക അംഗീകാരത്തോടെ സമ്മാനങ്ങൾ നൽകും. എല്ലാ മത്സരങ്ങളും ഫിഡെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കും. സമാപന ചടങ്ങ് രാത്രി എട്ടിന് നടക്കും. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, ചെസ് പ്രേമികൾ എന്നിവരെ ടൂർണമെന്റിൽ പങ്കെടുക്കാൻ ഹൃദയംഗമമായി ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

