ഇസടൗൺ വടക്കൻ ഇന്റർസെക്ഷൻ ആഗസ്റ്റ് അവസാനത്തോടെ പൂർണമായും തുറക്കും
text_fieldsമനാമ: ഇസ ടൗൺ വടക്കൻ ഇന്റർസെക്ഷൻ പദ്ധതി ആഗസ്റ്റ് അവസാനത്തോടെ പൂർണ്ണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് സതേൺ മുൻസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള ദർരാജ് അറിയിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഈ ജംഗ്ഷനിലൂടെയുള്ള പ്രതിദിന വാഹന ശേഷി 12,000-ൽ നിന്ന് 22,500 ആയി ഉയരും. സ്കൂളുകൾ തുറക്കുന്നതോടെ റോഡിലുണ്ടാവാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ഇത് സഹായിക്കും. ശേഷിക്കുന്ന പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനൽകിയതായി അബ്ദുള്ള ദർരാജ് വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഫ്ലൈ ഓവർ ഒരു ആഴ്ച മുമ്പ് തുറന്നുകൊടുത്തിരുന്നു. ശൈഖ് സൽമാൻ അവന്യൂ, അമ്മാൻ അവന്യൂ, സൽമാബാദ് അവന്യൂ എന്നിവ ചേരുന്ന ജംഗ്ഷന് മുകളിലൂടെ ഇരു ദിശകളിലേക്കും മൂന്ന് വരികൾ വീതമുള്ള ഈ ഫ്ലൈ ഓവർ വഴി ശൈഖ് സൽമാൻ അവന്യൂവിലൂടെയുള്ള വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കും. തറനിരപ്പിലുള്ള ട്രാഫിക് ലൈറ്റുകൾ സൽമാബാദ് അവന്യൂവിനും അമ്മൻ അവന്യൂവിനും ഇടയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇസ ടൗണിനെയും സമീപ പ്രദേശങ്ങളെയും റിഫ, ആലി, സനദ്, സൽമാബാദ് എന്നിവയുമായി ഈ റോഡ് ശൃംഖല ബന്ധിപ്പിക്കുന്നു. കൂടാതെ, ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളെ സൗത്തേൺ ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണ് ശൈഖ് സൽമാൻ അവന്യൂ. ഫ്ലൈ ഓവർ ഭാഗികമായി തുറന്നത് ഇതിനകം തന്നെ സമീപത്തെ റോഡുകളിലെ തിരക്ക് കുറച്ചിട്ടുണ്ടെന്നും, പുതിയ അധ്യയന വർഷത്തിന് മുമ്പ് മുഴുവൻ പദ്ധതിയും പ്രവർത്തനക്ഷമമാക്കുന്നത് ഡ്രൈവർമാർക്ക് ഗതാഗത മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ സമയം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലിനജല നിഷ്കാസന സംവിധാനങ്ങൾ, റോഡ് പുനരുദ്ധാരണം, നടപ്പാതകൾ, മരങ്ങൾ നടൽ, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും ഈ നവീകരണ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഗാനിം ഇന്റർനാഷണൽ, അൽമൊയ്യദ് കോൺട്രാക്റ്റിംഗ് എന്നിവരുടെ സംയുക്ത കൺസോർഷ്യമാണ് പദ്ധതി നിർമ്മാണം നിർവ്വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

