ഈസ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡോ. സന്ദൂക് റൂയിറ്റിന് സമ്മാനിച്ചു
text_fieldsഈസ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡോ. സന്ദൂക് റൂയിറ്റിന് രാജാവ് ഹമദ് ബിൻ ഈസ
ആൽ ഖലീഫ സമ്മാനിക്കുന്നു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ അഞ്ചാമത് ഈസ ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു. നേപ്പാളിലെ നേത്രരോഗ വിദഗ്ധൻ ഡോ. സന്ദൂക് റൂയിറ്റാണ് അവാർഡ് കരസ്ഥമാക്കിയത്. ചടങ്ങിലെത്തിയ ഹമദ് രാജാവിനെ ഈസ ഹ്യുമാനിറ്റേറിയൻ അവാർഡ് കമ്മിറ്റി ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ നൽകിയ സേവനങ്ങളെ ഹമദ് രാജാവ് പ്രകീർത്തിക്കുകയും രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും അദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്തു. സമാധാനവും ശാന്തിയും രാജ്യത്തിന്റെ മുഖമുദ്രയാക്കി മാറ്റിയതിലും എല്ലാ വിഭാഗം ജനങ്ങൾക്കും സഹവർത്തിത്വത്തോടെ കഴിയാവുന്ന വിധം പാകപ്പെടുത്തിയതിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രയാസമുള്ള മനുഷ്യരെ ചേർത്തു പിടിക്കാനുള്ള സന്നദ്ധതയെ മൂല്യവത്തായി ബഹ്റൈൻ മനസ്സിലാക്കുന്നു. അഞ്ചാമത് ഈസ ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായ നേത്രരോഗ വിഗദ്ധൻ ഡോ. സന്ദൂക് റൂയിറ്റിന് അദ്ദേഹം ആശംസകൾ നേരുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. മനുഷ്യ സേവന മേഖലയിൽ കൂടുതൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഹമദ് രാജാവ് ആശംസിച്ചു.
ഡോ. റൂയിറ്റിന്റെ സേവനങ്ങളെ കുറിച്ച് ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ വിശദീകരിച്ചു. നേപ്പാളിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി ആയിരക്കണക്കിന് നേത്രരോഗികൾക്ക് താങ്ങും തണലുമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അന്ധത ബാധിച്ച നിരവധി പേർക്ക് കാഴ്ച തിരിച്ചുകിട്ടാൻ അദ്ദേഹം വികസിപ്പിച്ചെടുത്ത നൂതന ചികിത്സരീതിയിലൂടെ സാധ്യമായിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ശ്രമഫലമായി സാധാരണക്കാർക്ക് ചെലവ് താങ്ങാൻ പറ്റുന്ന ലെൻസ് വികസിപ്പിച്ചെടുത്തതും നേട്ടമാണെന്ന് വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.