ഇറാന്‍റെ ആക്രമണം അന്യായവും പ്രകോപനപരവും -അറബ് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ബഹ്‌റൈൻ
text_fieldsബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുള്ള ആൽ ഖലീഫ സംസാരിക്കുന്നു
മനാമ: ബഹ്‌റൈനടക്കമുള്ള ജി.സി.സി രാജ്യങ്ങൾക്കും ജോർഡനും നേരെ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്‍റെ 43ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോൺഫറൻസിങ് വഴി നടന്ന യോഗത്തിൽ മേഖലയിലെ സങ്കീർണമായ സുരക്ഷ സാഹചര്യങ്ങൾ ചർച്ചയായി.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ തങ്ങളുടെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇറാന്‍റെ ആക്രമണങ്ങളെ നേരിടാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ സ്വീകരിക്കുന്ന നിർണ്ണായക നടപടികളെ അദ്ദേഹം പ്രശംസിച്ചു.
ഫെബ്രുവരി 28 മുതൽ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ സിവിലിയൻ വിമാനത്താവളങ്ങൾ, ഊർജ നിലയങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, പാർപ്പിട മേഖലകൾ എന്നിവയെയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ നിരപരാധികളായ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. തങ്ങൾ ഭാഗമല്ലാത്ത ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ ബഹ്‌റൈൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം സിവിൽ ഡിഫൻസ്, നാഷനൽ ആംബുലൻസ് സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് 24 മണിക്കൂറും സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി ഒഴിവാക്കാൻ വിവിധ ഭാഷകളിൽ ബോധവൽക്കരണം നടത്തിവരുന്നു.
ഇറാന്‍റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്‍റെയും ലംഘനമാണെന്നും ഇത് പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനത്തിന് ഭീഷണിയാണെന്നും കൗൺസിൽ വിലയിരുത്തി. അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ഇറാൻ സായുധ ഗ്രൂപ്പുകൾക്ക് പണവും ആയുധവും നൽകുന്നത് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനും ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അറബ് രാജ്യങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങൾക്കിടയിൽ സുരക്ഷാ ഏകോപനം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഓർമ്മിപ്പിച്ചു. ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എല്ലാ അറബ് ആഭ്യന്തര മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

