വീണ്ടും ഇറാന്‍റെ ആക്രമണം; വിജയകരമായി തടഞ്ഞ് പ്രതിരോധ സേന
text_fieldsമനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാന്‍റെ ഭാഗത്തുനിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. വെള്ളിയാഴ്ച രാത്രി 11:30 ഓടെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആക്രമണശ്രമങ്ങൾ ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയും ആക്രമണമുണ്ടായി. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ആകാശത്തുവെച്ചുതന്നെ വിജയകരമായി തകർത്തു. മിസൈൽ സാന്നിധ്യം തിരിച്ചറിഞ്ഞയുടൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ സൈറണുകൾ മുഴങ്ങിയിരുന്നു. തൊട്ടുപിന്നാലെ ആകാശത്ത് ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ആക്രമണശ്രമങ്ങൾ പ്രതിരോധ സേന നിർവീര്യമാക്കിയതിനാൽ രാജ്യത്ത് ഒരിടത്തും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈൻ പ്രതിരോധ സേന തകർത്തത് ആകെ 203 മിസൈലുകളും 124 ഡ്രോണുകളും അടക്കം 327 ആക്രമണങ്ങളാണ്. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
സുരക്ഷാ കാരണങ്ങളാൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ച അവസ്ഥയിൽ തന്നെയാണ്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സുരക്ഷാ അനുമതി ലഭിച്ചാലുടൻ സർവീസുകൾ പുനരാരംഭിക്കും. യാത്രക്കാർ എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ ആപ്പുകളോ വഴി വിവരങ്ങൾ തിരക്കണമെന്ന് നിർദേശമുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

