ഇറാൻ-ഇസ്രായേൽ സംഘർഷം; വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കുന്ന നടപടികൾക്ക് തുടക്കം
text_fieldsഇറാഖിൽനിന്ന് കുവൈത്ത് വഴി സ്വദേശത്തെത്തിക്കുന്ന പൗരന്മാർ അധികൃതരോടൊപ്പം
മനാമ: ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കുന്ന നടപടികൾക്ക് തുടക്കം. ഇറാഖിൽ കുടുങ്ങിയവരുടെ ആദ്യ സംഘത്തെ കുവൈത്തിലേക്ക് കരമാർഗം എത്തിക്കുകയും ശേഷം ബഹ്റൈനിലുമെത്തിച്ചാണ് നടപടികൾക്ക് തുടക്കമിട്ടത്. കുവൈത്തിലെ ബഹ്റൈൻ അംബാസഡർ സലാഹ് അലി അൽ മാൽക്കിയുടെയും എംബസി ജീവനക്കാരുടെയും നേതൃത്വത്തിൽ സംഘത്തെ നിരീക്ഷിക്കുകയും കര അല്ലെങ്കിൽ വ്യോമ മാർഗം ബഹ്റൈനിലേക്ക് പുറപ്പെടുന്നതുവരെ അവരെ അനുഗമിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. ബഹ്റൈനിലേക്ക് പൗരന്മാരെ തിരിച്ചയക്കുന്നതിൽ രജിസ്റ്റർ ചെയ്ത ടൂർ ഓപറേറ്റർമാരുടെ ശ്രമങ്ങളെ ബഹ്റൈൻ അംബാസഡർ പ്രശംസിച്ചു.
വിദേശത്തുള്ള ബഹ്റൈൻ നയതന്ത്ര ദൗത്യങ്ങളുമായും ബന്ധപ്പെട്ട രാജ്യങ്ങളുമായും ഏകോപിപ്പിച്ച് കുടുങ്ങിക്കിടക്കുന്ന എല്ലാ പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിലുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇറാനിൽ കുടങ്ങിക്കിടക്കുന്ന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൗരന്മാരുമായി നേരിട്ടു ബന്ധപ്പെട്ടതായും മന്ത്രാലയം സ്ഥിരീകരിച്ചു. അവർക്ക് ഇറാഖ് വഴിയോ തുർക്മെനിസ്താൻ വഴിയോ മടങ്ങാനുള്ള അവസരങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു.പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമാകുകയും നാട്ടിലേക്ക് മടങ്ങാനുള്ള കാര്യങ്ങൾ സങ്കീർണമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ബഹ്റൈൻ പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് അടിയന്തര മാനുഷിക നടപടി സ്വീകരിക്കണമെന്ന ആഹ്വാനങ്ങൾ എം.പിമാർ നേരത്തേ ശക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രസ്താവന വന്നത്.
സുരക്ഷ കാരണങ്ങളാൽ ഇറാനിൽനിന്ന് നേരിട്ട് വിമാനങ്ങളിൽ കയറുന്നത് അസാധ്യമാണെന്നും അതുകൊണ്ട് ഇറാനിലും മറ്റു രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളിൽനിന്ന് തങ്ങൾക്ക് കാളുകൾ വരുന്നുണ്ടെന്നും പൊതുപ്രവർത്തകർ പറഞ്ഞു. ഇറാഖ് അല്ലെങ്കിൽ തുർക്മെനിസ്താൻ അതിർത്തിയിലേക്ക് ബഹ്റൈനികളെ ബസുകളിൽ കൊണ്ടുപോകാൻ ടൂർ ഓപറേറ്റർമാർ ആരംഭിച്ചിട്ടുണ്ട്. അവരെ സഹായിക്കുന്നതിനുള്ള ഔപചാരിക നയതന്ത്ര ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് എം.പി ജലാൽ കാദെം അൽ മഹ്ഫൂള് പറഞ്ഞു.ഇറാഖിലേക്ക് പ്രവേശിക്കുന്ന ബഹ്റൈൻ പൗരന്മാർക്ക് വിസ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ബഹ്റൈനികൾക്ക് കരമാർഗം തുർക്മെനിസ്താനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നേടുന്നതിനായി തുർക്മെനിസ്താൻ അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്നും തുടർന്ന് വിമാനമാർഗം ബഹ്റൈനിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ബഹ്റൈനികൾ +97317227555 എന്ന നമ്പറിൽ ബന്ധപ്പെടാനും https://forms.office.com/r/4VjzJLL9sF എന്ന വിലാസത്തിൽ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാനും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

