ആക്രമണം തുടർന്ന് ഇറാൻ; 24 മണിക്കൂറിനിടെ 20 മിസൈലുകളും 23 ഡ്രോണുകളും തകർത്തു
text_fieldsമനാമ: കഴിഞ്ഞ ദിവസം മാത്രം 24 മണിക്കൂറിനിടെ രാജ്യത്തെ ലക്ഷ്യമാക്കി വന്ന 20 മിസൈലുകളും 23 ഡ്രോണുകളും പ്രതിരോധ സേന തകർത്തതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്‍റർ അറിയിച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് നൽകിയ ഔദ്യോഗിക വിവരങ്ങൾ ഉദ്ധരിച്ചാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തടഞ്ഞത്. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 174 മിസൈലുകളും 385 ഡ്രോണുകളും ബഹ്‌റൈൻ സൈന്യം വിജയകരമായി തകർത്തിട്ടുണ്ട്. ആക്രമണം തുടങ്ങി ഒരു മാസ കഴിഞ്ഞിട്ടും ബഹ്റൈനെതിരെ ആക്രമണം തുടരുകയാണ് ഇറാൻ.
ശനിയാഴ്ച പുലർച്ചെ രാജ്യത്തെ ലക്ഷ‍്യമാക്കി നിരവധി ഡ്രോൺ-മിസൈൽ ആക്രണങ്ങളാണ് നടത്തിയത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏത് വെല്ലുവിളിയെയും നേരിടാൻ ബഹ്‌റൈൻ സൈന്യം പൂർണ സജ്ജമാണെന്നും സൈനികരുടെ പോരാട്ടവീര്യവും ജാഗ്രതയുമാണ് രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതെന്നും ബി.ഡി.എഫ് വ്യക്തമാക്കി.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്‍റെയും ലംഘനമാണെന്ന് ബഹ്‌റൈൻ കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

