ഹുർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധം; യു.എന്നിൽ പ്രമേയം അവതരിപ്പിക്കാൻ ബഹ്റൈനും അമേരിക്കയും
text_fieldsമനാമ: ഹുർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം മേഖലയെ അതീവ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി മുന്നറിയിപ്പ് നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ നടപടികൾ കാരണം 87 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1,600 കപ്പലുകൾ നിലവിൽ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് 23,000ത്തോളം കപ്പൽ ജീവനക്കാരുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കപ്പലുകൾക്ക് നേരെ 32ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഫ്രഞ്ച് കപ്പലിന് നേരെ നടന്ന ആക്രമണവും 10 ജീവനക്കാരുടെ മരണവും മേഖലയിലെ ഭീതി വർധിപ്പിക്കുന്നു. സമുദ്രയാന മേഖലയിലും ആഗോള വിതരണ ശൃംഖലയിലും ഈ പ്രതിസന്ധി വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്.
ഈ സാഹചര്യത്തിൽ, ഹുർമുസ് കടലിടുക്കിലെ ഇറാന്റെ ഇടപെടലുകൾ അവസാനിപ്പിക്കാൻ ബഹ്റൈനും അമേരിക്കയും സംയുക്തമായി യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കും. ജി.സി.സി രാജ്യങ്ങളുടെ പിന്തുണയോടെ തയ്യാറാക്കിയ ഈ പ്രമേയം, കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്താനും കടലിലെ മൈനുകൾ നീക്കം ചെയ്യാനും ഇറാനോട് ആവശ്യപ്പെടുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ രക്ഷാസമിതി സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

