വീണ്ടും ഇറാൻ ഡ്രോൺ ആക്രമണ ശ്രമം: പരമാധികാര ലംഘനമെന്ന് ബഹ്‌റൈൻ
text_fieldsമനാമ: ശനിയാഴ്ച പുലർച്ചെ ബഹ്‌റൈനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും ജീവന് ഇത് വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
സിവിലിയൻ മേഖലകളെ ലക്ഷ്യമിടുന്നതും നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇറാൻ അട്ടിമറിക്കുകയാണെന്നും, മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിന് പൂർണ്ണ ഉത്തരവാദിത്തം ഇറാൻ ഭരണകൂടത്തിനാണെന്നും ബഹ്‌റൈൻ ആരോപിച്ചു.
ജൂൺ 17-ന് ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇറാൻ സൈനിക ആക്രമണം നടത്തിയിരിക്കുന്നത്. ഈ നടപടി 136 രാജ്യങ്ങളുടെ പിന്തുണയുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817-നെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ബഹ്‌റൈന് പൂർണ അവകാശമുണ്ടെന്നും, അക്രമങ്ങൾ കൊണ്ടൊന്നും രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ തകർക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ ബഹ്‌റൈൻ, ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഇറാനെതിരെ നടപടി സ്വീകരിക്കാൻ യുഎൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
അപായ സൈറണുകളോ മറ്റോ ഉണ്ടായിരുന്നില്ലെങ്കിലും രാജ്യത്തെ പ്രതിരോധ സേന അതീവ ജാഗ്രതയിൽ തന്നെയാണ്. ഭവത്തെ ജി.സി.സി രാജ്യങ്ങളും അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ ഈ ആക്രമണത്തെ ഗൗരവത്തോടെയാണ് ജി.സി.സി രാജ്യങ്ങൾ വീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

