ബഹ്‌റൈന് നേരെ വീണ്ടും ഇറാന്‍റെ ആക്രമണം; ആളപായമില്ല
text_fieldsമനാമ: ബഹ്‌റൈന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും വ്യോമാക്രമണ ശ്രമവുമായി ഇറാൻ. ബുധനാഴ്ച പുലർച്ചെ 4.30ഓടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ആകാശത്തുവെച്ചുതന്നെ തകർത്തു. ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ഇത് മൂന്നാം തവണയാണ് രാജ്യം ഇത്തരമൊരു ആക്രമണത്തെ നേരിടുന്നത്.
പുലർച്ചെ അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ആകാശത്ത് വലിയ ശബ്ദത്തോടെ സ്ഫോടനങ്ങൾ കേൾക്കുകയും ചെയ്തു. ബി.ഡി.എഫിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് തകർക്കപ്പെട്ട മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ എവിടെയെങ്കിലും കണ്ടെത്തിയാൽ അവയിൽ തൊടുകയോ അടുത്തു ചെല്ലുകയോ ചെയ്യരുതെന്ന് ജനറൽ കമാൻഡ് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തെ അറിയിക്കണം. അവശിഷ്ടങ്ങൾ സുരക്ഷിതമായി നിർവീര്യമാക്കാൻ റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റ് പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും പൂർണ്ണ സജ്ജതയോടെ നേരിടുമെന്നും ബി.ഡി.എഫ് കമാൻഡർ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

