നിക്ഷേപ നേട്ടങ്ങൾ, സാമ്പത്തിക വികസനം; രാജ്യത്തിന്റെ ശ്രമങ്ങൾ വിജയം കാണുന്നതായി കിരീടാവകാശി
text_fieldsമനാമ: ബഹ്റൈന്റെ നിക്ഷേപവികസനത്തിനായുള്ള ശ്രമങ്ങൾ വിജയം കാണുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസന ബോർഡ് (ഇ.ഡി.ബി) ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും വികസനപരമായ കാഴ്ചപ്പാടുകൾക്ക് ശക്തി പകരുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ നിക്ഷേപസാധ്യതകൾ വിപുലീകരിക്കാനും കൂടുതൽ വിദേശ, പ്രാദേശിക നിക്ഷേപങ്ങൾ ആകർഷിക്കാനും സാധിച്ചത് ടീം ബഹ്റൈന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നത് രാജ്യത്തെ പൗരന്മാർക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും വികസന ലക്ഷ്യങ്ങൾക്കും നിർണായകമാണ്. ബഹ്റൈൻ ബേയിലെ ഇ.ഡി.ബി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി. യോഗത്തിൽ പ്രധാന ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും പങ്കെടുത്തു.
ഈ വർഷം ആദ്യത്തെ ഒമ്പത് മാസങ്ങളിൽ പിന്നിടുമ്പോൾ, ഏകദേശം 1.52 ബില്യൺ യു.എസ് ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപങ്ങൾ ആകർഷിക്കാൻ ഇ.ഡി.ബിക്ക് സാധിച്ചതായി സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി സി.ഇ.ഒയുമായ നൂറ ബിൻത് അലി ആൽ ഖലീഫ യോഗത്തിൽ അറിയിച്ചു. ഇത് 75 പ്രാദേശിക, അന്താരാഷ്ട്ര പദ്ധതികളിലൂടെയാണ് നേടിയത്. ഇതിൽ 43 ശതമാനം പുതിയ പദ്ധതികളും 57 ശതമാനം നിലവിലുള്ള കമ്പനികളുടെ വിപുലീകരണവുമാണ്.ടൂറിസം മേഖലക്കാണ് ഈ നിക്ഷേപങ്ങളിൽ ഏറ്റവും വലിയ പങ്ക് ലഭിച്ചത്. പിന്നാലെ ധനകാര്യ സേവനങ്ങൾ, വ്യവസായം, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി എന്നിവയും പ്രധാന വിഹിതം നേടി. ഈ പദ്ധതികളിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4300ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങളും ഈ സന്ദർശനങ്ങളിൽ ഒപ്പുവെച്ച കരാറുകളും ബഹ്റൈനിലെ നിക്ഷേപ വളർച്ചക്ക് വേഗം കൂട്ടുമെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. ഈ സന്ദർശനങ്ങളുടെ ഫലങ്ങൾ നിരീക്ഷിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക, നിക്ഷേപസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വർഷം ബഹ്റൈൻ ഇ.ഡി.ബി കൈവരിച്ച നേട്ടങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും ബോർഡ് അവലോകനം ചെയ്തു.വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഊന്നൽ നൽകിക്കൊണ്ട് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

