ഇന്റർനെറ്റ് വേഗം കുതിച്ചുയരുന്നു; ഗുണം പലർക്കും കിട്ടുന്നില്ലെന്ന് വിലയിരുത്തൽ
text_fieldsമനാമ: ബഹ്റൈനിൽ ഇന്റർനെറ്റ് വേഗം മികച്ച നിലയിൽ തുടരുമ്പോഴും അതിന്റെ യഥാർഥ ഗുണം പലർക്കും കിട്ടുന്നില്ലെന്ന് വിലയിരുത്തൽ. വീടുകളിൽ ഉപയോഗിക്കുന്ന പഴയ റൂട്ടറുകൾ ഈ വേഗം പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് പ്രധാന തടസ്സമായി തുടരുന്നതായാണ് കണ്ടെത്തൽ. ഫൈബർ ഇന്റർനെറ്റ് വേഗം വർധിപ്പിക്കുന്നതിനായി റെഗുലേറ്ററി അതോറിറ്റി നടത്തിയ ഇടപെടലുകളെത്തുടർന്ന് ബഹ്റൈനിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി അപ്ലോഡ് വേഗവും വളരെ വേഗമേറിയ ഡൗൺലോഡുകളും ആസ്വദിക്കുന്നതായി ഒരു പുതിയ റിപ്പോർട്ട് ഈയിടെ പുറത്തുവന്നിരുന്നു. യു.എസ് ആസ്ഥാനമായ കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക് ല പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2024 അവസാനത്തോടെ 86 എം.ബി.പി.എസ് ആയിരുന്ന വേഗം 2025 മധ്യത്തോടെ 130.74 എം.ബി.പി.എസ് ആയി ഉയർന്നു. ഇതോടെ ഫൈബർ കണക്റ്റിവിറ്റി സ്വീകരിക്കുന്നതിൽ മിഡിൽ ഈസ്റ്റിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായി ബഹ്റൈൻ മാറി. ഇതേ കാലയളവിൽ അപ്ലോഡ് വേഗം ഏകദേശം മൂന്നിരട്ടിയായി വർധിച്ചു. 20.7 എം.ബി.പി.എസിൽ നിന്ന് 58.9 എം.ബി.പി.എസ് ആയി ഉയർന്നതോടെ ഈ കാര്യത്തിൽ ബഹ്റൈൻ സൗദിക്കൊപ്പമെത്തി.2024 മുതൽ ഗൾഫ്, ജോർഡൻ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും വാണിജ്യപരമായ നവീകരണങ്ങളും സ്ഥിരമായ ബ്രോഡ്ബാൻഡ് പ്രകടനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾക്കിടയിലും നിലവിലെ വേഗം പൂർണമായി ഉപയോഗിക്കാൻ പല ഉപയോക്താക്കൾക്കും സാധിക്കുന്നില്ല. ഇതിന് പ്രധാന കാരണം വീട്ടിലെ പഴയ വൈ-ഫൈ ഉപകരണങ്ങളാണ്. ബഹ്റൈനിലെ വീടുകളിൽ ഇപ്പോഴും ഉപയോഗിക്കുന്ന വൈ-ഫൈ 4, വൈ-ഫൈ 5 പോലുള്ള പഴയ സ്റ്റാൻഡേർഡുകൾ ഈ നേട്ടങ്ങളുടെ യഥാർഥ ഗുണങ്ങൾ ഇല്ലാതാക്കുകയാണ്. വൈ-ഫൈ 6 ലേക്ക് മാറിയാൽ വൈഫൈ 4 നെ അപേക്ഷിച്ച് ഡൗൺലോഡ് വേഗം 10 മടങ്ങ് വരെ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.
ഊക് ലയുടെ വേഗപരിശോധന അനുസരിച്ച്, ബഹ്റൈനിലെ വൈ-ഫൈ 4 റൂട്ടറുകൾക്ക് 45.65 എം.ബി.പി.എസ് മാത്രമാണ് പരമാവധി വേഗം നൽകാൻ കഴിഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാനായി ബഹ്റൈനിലെ ഐ.എസ്.പികൾ വൈ-ഫൈ 6ന് അനുയോജ്യമായ റൂട്ടറുകളും മെഷ് വൈ-ഫൈ സിസ്റ്റങ്ങളും നൽകുന്നതടക്കമുള്ള പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ബഹ്റൈനിലെ ഈ മുന്നേറ്റം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്താനും വീടുകളിലും ബിസിനസുകളിലുമുള്ള അതിവേഗ ഇന്റർനെറ്റിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുമുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

