അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനിർമാണം; ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖല വളർച്ച കൈവരിക്കുന്നു
text_fieldsറിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖല ശക്തമായ വളർച്ച കൈവരിക്കുന്നുണ്ടെന്ന് എൻജിനീയർ ഇസ്സാം ബിൻ അബ്ദുല്ല ഖലഫ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനിർമാണങ്ങളുടെ ഭാഗമായാണിത്. സുതാര്യതയും മികച്ച ഭരണസംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് 2025ലെ നാലാമത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് ചെയർമാൻ കൂടിയായ ഇസ്സാം ബിൻ അബ്ദുല്ല ഖലഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോർഡ് അംഗങ്ങളും അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജിനീയർ ഇബ്രാഹിം മുഹമ്മദ് അബുലും പങ്കെടുത്തു.
റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണയ്ക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമായി ഈ വർഷം മൂന്നാം പാദത്തിൽ നടപ്പാക്കിയ പദ്ധതികളും നേട്ടങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കാനും തീരുമാനിച്ചു. മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താനും വിപണിയിലെ സ്ഥിരത നിലനിർത്താനും ലക്ഷ്യമിട്ടുള്ള നിലവിലുള്ള പദ്ധതികളുടെ പുരോഗതിയും ചർച്ച ചെയ്തു. ഇതിലൂടെ പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും നിക്ഷേപകർക്ക് ആകർഷകമായ ഒരു കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

