അന്താരാഷ്ട്ര യുവജനദിനം; ബഹ്റൈനിൽ യുവ കർഷകരുടെ വിപണിക്ക് തുടക്കം
text_fieldsമനാമ: അന്താരാഷ്ട്ര യുവജനദിനം പ്രമാണിച്ച് ബഹ്റൈൻ യുവജനകാര്യ മന്ത്രാലയം വിപുലമായ ദേശീയ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും ആഗസ്റ്റ് 12നാണ് യുവജനദിനം ആചരിക്കുന്നത്. 'സുസ്ഥിര ഭാവിക്കായി യുവജനങ്ങളെ ശാക്തീകരിക്കുക' എന്ന പ്രമേയത്തിൽ നടക്കുന്ന 2025ലെ പരിപാടികൾ, യൂത്ത് സിറ്റി 2030 പദ്ധതിയുടെ 14ാമത് പതിപ്പിന്റെ ഭാഗമായി ചൊവ്വാഴ്ച നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ ആദ്യത്തെ യുവകർഷകരുടെ വിപണിക്ക് തുടക്കമായി. മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾചർ മന്ത്രാലയവും നാഷനൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റും ചേർന്ന് സംഘടിപ്പിക്കുന്ന ഈ വിപണി ആഗസ്റ്റ് 10 മുതൽ 14 വരെ പ്രവർത്തിക്കും.
സർക്കാർവകുപ്പുകളുടെ സഹകരണത്തിലൂടെ യുവജനങ്ങളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും ഈ സംരംഭം സഹായിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കൃഷിയിൽ താൽപര്യമുള്ള യുവജനങ്ങളെ പിന്തുണച്ചുകൊണ്ട് ഭക്ഷ്യസുരക്ഷയും പരിസ്ഥിതിസുസ്ഥിരതയും വർധിപ്പിക്കാനും ഈ വിപണി ലക്ഷ്യമിടുന്നു.
കൂടാതെ, ‘നിങ്ങളുടെ തൈകൾ എടുക്കുക’ എന്ന പേരിൽ പുതിയൊരു പദ്ധതിയും മന്ത്രാലയം പ്രഖ്യാപിച്ചു. ദേശീയ വനവത്കരണ പദ്ധതിയെ പിന്തുണക്കുന്നതിന്റെ ഭാഗമായി, വീട്ടുതോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തൈകൾ വിതരണം ചെയ്യുകയും അവ പരിപാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

