ഇന്റർനാഷനൽ സ്പേസ് ഫോറം സമ്മേളനത്തിൽ ബഹിരാകാശ സഹകരണം ചർച്ച ചെയ്തു
text_fieldsഗൾഫ് ഹോട്ടലിൽ നടന്ന ഇന്റർനാഷനൽ സ്പേസ് ഫോറം മിനിസ്റ്റീരിയൽ തല സമ്മേളനത്തിൽനിന്ന്
മനാമ: ആറാമത് ഇന്റർനാഷനൽ സ്പേസ് ഫോറം മിനിസ്റ്റീരിയൽതല സമ്മേളനം ബഹ്റൈനിൽ നടന്നു. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക (എം.ഇ.എൻ.എ) മേഖലയിൽ ആദ്യമായി നടന്ന ഫോറം ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയുടെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
മേഖലയിലെ നയതന്ത്ര, സാമ്പത്തിക വികസനത്തിന്റെ ദിശ നിർണയിക്കുന്ന ബഹിരാകാശ ശാസ്ത്രം എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. സമൂഹത്തിന് പ്രയോജനകരവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പരിവർത്തന ശക്തിയെ സൂചിപ്പിക്കുന്ന പ്രമേയത്തിൽ നടന്ന ചർച്ചകൾ നിർണായകമായിരുന്നെന്ന് ഗതാഗത, വാർത്തവിനിമയ മന്ത്രിയും നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ചെയർമാനുമായ മുഹമ്മദ് ബിൻ താമർ അൽ കാബി പറഞ്ഞു.ബഹിരാകാശ ശാസ്ത്ര പുരോഗതിയിൽ അറബ് മേഖല സ്വീകരിച്ച നടപടികളുടെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു.
ബഹിരാകാശ പര്യവേക്ഷണം, നയതന്ത്രം, സാമ്പത്തിക വികസനം എന്നിവയിൽ നവീകരണം, വിജ്ഞാന കൈമാറ്റം, സഹകരണ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി എൻ.എസ്.എസ്.എ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, ഫോറത്തിന് ബഹ്റൈൻ ആതിഥേയത്വം വഹിച്ചതിനെ അഭിനന്ദിച്ചു. ഭൗമ നിരീക്ഷണ ആപ്ലിക്കേഷനുകൾ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ജി.പി.എസ്, ആരോഗ്യം, ഊർജം തുടങ്ങിയവയിൽ മുന്നേറ്റമുണ്ടാക്കാൻ ബഹിരാകാശമേഖലയിലെ പരസ്പര സഹകരണം ജി.സി.സിക്ക് ഗുണം ചെയ്യും. ബഹിരാകാശ പര്യവേക്ഷണത്തിലെ ആഗോള നിക്ഷേപം ഏകദേശം 272 ബില്യൺ ഡോളറിലെത്തി. ബഹിരാകാശ മേഖലയിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ ജി.സി.സി രാജ്യങ്ങൾ ദശാബ്ദങ്ങളായി എങ്ങനെ പ്രവർത്തിക്കുന്നെന്ന് അൽബുദൈവി വിശദീകരിച്ചു.
ജി.സി.സി രാജ്യങ്ങൾ ദേശീയ ബഹിരാകാശ ഏജൻസികൾ സ്ഥാപിക്കുകയും പ്രത്യേക അക്കാദമിക പരിശീലന പരിപാടികൾ ആരംഭിക്കുകയും നൂതനാശയങ്ങളെയും ശാസ്ത്രീയ ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ മൂല്യം 10 ബില്യൺ ഡോളറിലധികമായെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ പ്രസിഡന്റ് ക്ലേ മൗറിയും സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച ബഹ്റൈനെ പ്രശംസിച്ചു.
സുൽത്താൻ അൽനിയാദി ബഹിരാകാശത്ത് നിന്നെടുത്ത ബഹ്റൈനിന്റെ ചിത്രം
ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ ഭൂമിയിൽ അതിരുകളില്ല -സുൽത്താൻ അൽനിയാദി
മനാമ: അറബ് ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽനിയാദി ബഹ്റൈനിലെത്തി. ബഹ്റൈനിൽ നടക്കുന്ന ആറാമത് ഇന്റർനാഷനൽ സ്പേസ് ഫോറം മിനിസ്റ്റീരിയൽ തലയോഗത്തിൽ പങ്കെടുക്കാൻ, തന്റെ സഹയാത്രികനായിരുന്ന ഹസ്സ അൽ മൻസൂരിയോടൊപ്പമെത്തിയ അദ്ദേഹം ബഹ്റൈൻ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി സംവദിച്ചു.
സുൽത്താൻ അൽനിയാദി ഇന്റർനാഷനൽ സ്പേസ് ഫോറത്തിൽ
നിശ്ചയ ദാർഢ്യമുള്ള ആർക്കും ബഹിരാകാശ സഞ്ചാരിയാകാമെന്നും വിദ്യാർഥികളെ പ്രപഞ്ചത്തിന്റെ വിശാല കാഴ്ചകൾ കാണാൻ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അർപ്പണബോധമുണ്ടെങ്കിൽ 70 വയസ്സുള്ള ആൾക്കുപോലും ബഹിരാകാശത്ത് പോകാം. 69 കാരനായ നാസയുടെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിലേക്ക് യാത്രതിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ബഹിരാകാശ ശാസ്ത്രരംഗത്ത് ബഹ്റൈൻ കാണിക്കുന്ന താൽപര്യം പ്രശംസനീയമാണ്. അടുത്ത കാലത്തുതന്നെ മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്ന് ഒരു ബഹ്റൈനിയെയും ബഹിരാകാശത്ത് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ നിന്നെടുത്ത ബഹ്റൈനിന്റെയും ഖത്തറിന്റെയും ചിത്രവും അദ്ദേഹം വിദ്യാർഥികളെ കാണിച്ചു.
രണ്ട് രാജ്യങ്ങളെയും ഗൾഫിന്റെ ‘ഹൃദയത്തിൽ തിളങ്ങുന്ന രണ്ട് മുത്തുകൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബഹിരാകാശത്ത്, നിന്ന് നോക്കുമ്പോൾ ഭൂമിയിൽ അതിരുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

