സർക്കാർ സ്കൂളുകളിൽ ഇനി അന്താരാഷ്ട്ര പാഠ്യപദ്ധതി; ഐ.ബി പ്രോഗ്രാം തുടങ്ങും
text_fieldsവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയും ഐ.ബി.ഒ ഡയറക്ടർ ജനറൽ ഒല്ലി പെക്ക ഹൈനോനനും
കരാറൊപ്പിടൽ ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചുകൊണ്ട് രാജ്യത്തെ സർക്കാർ സ്കൂളുകളിൽ ഇന്റർനാഷനൽ ബാക്കലൗറിയേറ്റ് (ഐ.ബി) പാഠ്യപദ്ധതി നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയവും ഇന്റർനാഷനൽ ബാക്കലൗറിയേറ്റ് ഓർഗനൈസേഷനും (ഐ.ബി.ഒ) തമ്മിൽ ചരിത്രപരമായ ധാരണപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയും ഐ.ബി.ഒ ഡയറക്ടർ ജനറൽ ഒല്ലി പെക്ക ഹൈനോനനും ചേർന്നാണ് കരാർ ഒപ്പിട്ടത്. ഈസ ടൗണിലെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രമുഖ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുത്തു. ആദ്യഘട്ടം എന്ന നിലക്ക് ഇന്റർമീഡിയറ്റ് തലത്തിൽ എട്ടാം ഗ്രേഡ് മുതലാണ് ഐ.ബി മിഡിൽ ഇയേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നത്.
മിഡിൽ ഇയേഴ്സ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പിന്നീട് ഡിപ്ലോമ പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കും. ഇതോടെ സെക്കൻഡറി തലത്തിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഐ.ബി സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കും ലഭ്യമാക്കുക വഴി അവരുടെ ഉപരിപഠന സാധ്യതകളും അക്കാദമിക് മികവും വർധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
പദ്ധതി നടപ്പിലാക്കുന്ന രീതി, മൂല്യനിർണയ രീതികൾ, വിദ്യാർഥികൾക്കായുള്ള പ്രവേശന മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ നടപടികൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം ഉടൻ പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

