അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി ബഹ്റൈനിലേക്ക്; നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം
text_fieldsമനാമ: രാജ്യങ്ങൾക്കും കമ്പനികൾക്കുമിടയിലെ തർക്കങ്ങൾ പരിഹരിക്കുന്ന അന്താരാഷ്ട്ര നീതിന്യായ സ്ഥാപനമായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷന്റെ കേന്ദ്രത്തിന് ആതിഥേയത്വം വഹിക്കാനുള്ള കരാറിൽ ബഹ്റൈൻ ഉടൻ ഒപ്പിടും.
ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന്മേൽ ശൂറാ കൗൺസിലിന്റെ അടുത്ത യോഗത്തിൽ വോട്ടെടുപ്പ് നടക്കും. ശൂറാ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ സമിതി ഈ നിയമത്തിന് ഇതിനകംതന്നെ അംഗീകാരം നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട്. സൗകര്യങ്ങളും നിയമപരിരക്ഷയും കരാർ അംഗീകരിക്കപ്പെടുന്നതോടെ, കോടതിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഓഫിസ് സൗകര്യങ്ങളും ഭരണപരമായ പിന്തുണയും ബഹ്റൈൻ നൽകും. കോടതിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിനായി ആർബിട്രേറ്റർമാർക്കും ജീവനക്കാർക്കും പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കും.
കേസുകളിൽ ഉൾപ്പെടുന്ന അഭിഭാഷകർ, സാക്ഷികൾ എന്നിവർക്കും ഈ സംരക്ഷണം ബാധകമായിരിക്കും. ഈ നിയമപരമായ സംരക്ഷണം നീതി നടപ്പാക്കുന്നതിനെ പിന്തുണക്കുന്നതിനാണ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രാ സൗകര്യങ്ങൾ കോടതിയുമായി ബന്ധപ്പെട്ട് രാജ്യത്തെത്തുന്ന വിദേശികൾക്ക് വിസ നടപടികളിൽ ഇളവുകൾ അനുവദിക്കും. എങ്കിലും സുരക്ഷാ നിയമങ്ങൾ പാലിക്കാൻ ഇവർ ബാധ്യസ്ഥരായിരിക്കും. കോടതിയുടെ തീരുമാനങ്ങളിലോ പ്രവർത്തനങ്ങളിലോ ബഹ്റൈൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. മിഡിലീസ്റ്റിൽ ഇത്തരം കരാറിൽ ഒപ്പിടുന്ന ആദ്യ രാജ്യമായി ബഹ്റൈൻ മാറുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

