ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിലെ ബിന്നുകളിൽ നിർദേശങ്ങൾ പതിപ്പിക്കും
text_fieldsമനാമ: പൊതുസ്ഥലങ്ങളിലെ മാലിന്യ ബിന്നുകളിൽ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിക്കുന്ന പുതിയ പദ്ധതിക്ക് ബഹ്‌റൈൻ തുടക്കം കുറിക്കുന്നു. പരിസര മലിനീകരണം തടയുന്നതിനും തെരുവുകളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയമാണ് ഈ ആശയം നടപ്പിലാക്കുന്നത്. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അഷൂർ മുന്നോട്ടുവെച്ച ഈ നിർദ്ദേശം മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചു.
നാല് ഗവർണറേറ്റുകളിലും പദ്ധതി നടപ്പിലാക്കുന്നതിനായി മന്ത്രാലയം അർബാസർ ബഹ്‌റൈൻ, ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനി എന്നിവയുമായി ഏകോപനം നടത്തിവരികയാണ്. മാലിന്യങ്ങൾ ബിന്നിന് പുറത്ത് ‘നിക്ഷേപിക്കാൻ പറ്റാത്തവ ഇടരുത്, ബിന്നുകൾ നിശ്ചിത സ്ഥലങ്ങളിൽ നിന്ന് മാറ്റരുത്, തെരുവ് മൃഗങ്ങൾക്കോ പക്ഷികൾക്കോ ഭക്ഷണം നൽകരുത്’ തുടങ്ങിയ നിർദ്ദേശങ്ങളും പിഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമാണ് സ്റ്റിക്കറുകളിൽ ഉണ്ടാവുക. പദ്ധതിയുടെ സാങ്കേതിക വശങ്ങളും ഡിസൈനുകളും സംബന്ധിച്ച പഠനം പുരോഗമിക്കുകയാണെന്ന് മുനിസിപ്പാലിറ്റി കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫ അറിയിച്ചു. സ്റ്റിക്കറുകൾ പതിക്കുന്നതിലൂടെ മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ സംസ്കരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും പൊതുജനാരോഗ്യ ഭീഷണികൾ കുറയ്ക്കാനും സാധിക്കും. അധികം ചെലവില്ലാതെ നടപ്പിലാക്കാവുന്ന ഈ പദ്ധതിയിലൂടെ, ശുചിത്വം സർക്കാർ മാത്രമല്ല പൊതുജനങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

