കടങ്ങൾ തീർക്കാതെ രാജ്യം വിടുന്നവർക്ക് കടിഞ്ഞാണിടാൻ നിർദേശം
text_fieldsമനാമ: കടങ്ങൾ തീർക്കാതെ രാജ്യം വിടുന്നവർക്ക് കടിഞ്ഞാണിടാൻ കർശന നിയമങ്ങൾ വരുന്നു. ബഹ്റൈനിൽ വിദേശ നിക്ഷേപകർ, സി.ആർ ഉടമകൾ, ഫ്ലക്സി വിസയിൽ ജോലി ചെയ്യുന്നവർ എന്നിവർ രാജ്യത്ത് വരുത്തിവെച്ച കടങ്ങൾ തീർക്കാതെ രാജ്യം വിടുന്നത് തടയാൻ കർശനമായ നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവായ ഖാലിദ് ബു അനകിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ അടിയന്തര പ്രമേയം പാർലമെന്റിൽ സമർപ്പിച്ചു.
വിവിധ സർക്കാർ ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകാനുള്ള കുടിശ്ശിക തീർക്കാതെ വിദേശ നിക്ഷേപകരും തൊഴിലാളികളും രാജ്യംവിടുന്ന കേസുകൾ സമീപകാലത്ത് വർധിച്ചതായി എം.പിമാർ പ്രമേയത്തോടൊപ്പമുള്ള വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ പ്രവണത വലിയ സാമ്പത്തിക നഷ്ടങ്ങൾ വരുത്തുകയും രാജ്യത്തെ നിക്ഷേപകരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നതായി അവർ വ്യക്തമാക്കി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആണ് ഇത്തരം തട്ടിപ്പുകൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്. കടക്കാർ രാജ്യം വിടുന്നതോടെ ഈ സംരംഭങ്ങൾക്ക് തങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാൻ കഴിയുന്നില്ല. ഇത് അവരുടെ വളർച്ചയെ നേരിട്ട് ബാധിക്കുകയും സംരംഭകത്വത്തെ പിന്തുണക്കാനുള്ള ദേശീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
വാടക കുടിശ്ശിക, ബാങ്ക് വായ്പ തിരിച്ചടവുകൾ, സർക്കാർ ഫീസുകൾ, പിഴകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക ബാധ്യതകളാണ് ഇവർ തീർക്കാതെ പോകുന്നത്. കമേഴ്സ്യൽ രജിസ്ട്രേഷൻ എളുപ്പത്തിൽ നേടുന്നതും ഫ്ലെക്സി വിസ സംവിധാനത്തിൽ കർശനമായ യാത്രാ നിയന്ത്രണങ്ങളില്ലാത്തതും ചിലർക്ക് നിയമപരമായ പഴുതുകൾ ഉപയോഗിച്ച് കരാർ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ അവസരം നൽകുന്നുവെന്ന് എം.പിമാർ ആരോപിച്ചു.
സാമ്പത്തിക ബാധ്യതകളുണ്ടാക്കി വെച്ചവരെ ഉത്തരവാദിത്തമില്ലാതെ രാജ്യം വിടാൻ അനുവദിക്കാനാവില്ലെന്നും എം.പിമാർ പറഞ്ഞു. നിലവിലെ നിയമങ്ങളുടെ പരിധിയിൽ നിന്നുകൊണ്ട്, അവസാനമായി രാജ്യം വിടുന്നതിനു മുമ്പ് കടങ്ങൾ തീർപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ നിയമപരമായ പരിശോധനകൾ ഏർപ്പെടുത്തുന്നതിനെയാണ് തങ്ങൾ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടികൾ വിപണിയെ സംരക്ഷിക്കുമെന്നും ഫ്ലെക്സി വിസ സമ്പ്രദായത്തിന്റെ ദുരുപയോഗം തടയുമെന്നും സുരക്ഷിതവും വിശ്വസനീയവുമായ ബിസിനസ് കേന്ദ്രം എന്ന ബഹ്റൈന്റെ പ്രശസ്തി നിലനിർത്തുമെന്നും എം.പിമാർ പറഞ്ഞു.
ചർച്ചക്കായി പാർലമെന്റിന്റെ കഴിഞ്ഞ യോഗത്തിൽ ലിസ്റ്റ് ചെയ്തിരുന്ന ഈ പ്രമേയം, യോഗം പെട്ടെന്ന് പിരിഞ്ഞതിനാൽ അടുത്ത ആഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കടങ്ങൾ തീർക്കാതെ പോകുന്ന പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ വേഗത്തിൽ നടപടിയെടുക്കുമെന്നാണ് എം.പിമാർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

